ഗുജറാത്തില്‍ ഹിന്ദുത്വ കാര്‍ഡിറക്കി രാഹുല്‍ ഗാന്ധി.

രാജ്കോട്ട്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഹിന്ദുത്വ കാര്‍ഡിറക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി.

നോട്ട് നിരോധനം, ജിഎസ്‍ടി തുടങ്ങിയ വിഷയങ്ങളില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുന്നത്തിനോടൊപ്പം ഹിന്ദു വിരുദ്ധ – ന്യൂനപക്ഷ പ്രീണന പാര്‍ട്ടി എന്ന കോണ്‍ഗ്രസിന്‍റെ പ്രതിച്ഛായ മറികടക്കാനുള്ള ശ്രമംകൂടിയാണ് ഗുജറാത്ത് സന്ദര്‍ശനത്തില്‍ രാഹുല്‍ നടത്തുന്നത്.

സെപ്റ്റംബര്‍ 25ന് ദ്വാരകയിലെ ശ്രീകൃഷ്‍ണക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടാണ് രാഹുല്‍ തന്‍റെ ഗുജറാത്ത് പര്യടനം ആരംഭിച്ചിത്. മൂന്നു ദിവസത്തിനിടെ രാജ്കോട്ടിലെയും ജാംനഗറിലെയും അഞ്ച് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ പലയിടത്തും പൂജ കഴിക്കുകയും ചെയ്‍തു.

കഗ്‍വാദ് ഗ്രാമത്തിലെ ഖോദല്‍ധാം ക്ഷേത്രം സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷൻ ക്ഷേത്രം അധികൃതരുമായി 20 മിനിറ്റോളം ചര്‍ച്ച നടത്തുകയും ചെയ്‍തു.

വീര്‍പൂരിലെ ജലറാം ബാപ ക്ഷേത്രത്തില്‍ രാഹുല്‍ എത്തിയത് അപ്രതീക്ഷിതമായാണ്.

കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന് ബിജെപിയും ആര്‍എസ്എസ്സും ചേര്‍ന്ന് പ്രചരണം നടത്തുകയാണെന്നും ഇത് തടയാന്‍വേണ്ടിയാണ് രാഹുലിന്‍റെ ക്ഷേത്ര സന്ദര്‍ശനമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.

കോണ്‍ഗ്രസ് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതായി എഐസിസി വക്താവ് ശക്തികിഷൻ ഗോഹില്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അടിയന്തരാവസ്ഥയ്‍ക്കുശേഷം അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ദിരാ ഗാന്ധി അംബാജി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. 22 വര്‍ഷത്തിനു ശേഷം ഗുജറാത്തില്‍ തിരിച്ചുവരവ് നടത്താനാകുമെന്നാണ് തങ്ങള്‍ കരുതുന്നത്. ഇതിന് അനുഗ്രഹം തേടിയാണ് രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും ഗോഹില്‍ കൂട്ടിച്ചേര്‍ത്തു.

Back to top button