അടുത്തവർഷത്തോടെ കേരളത്തിന് നാല് പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ

പാതയിരട്ടിപ്പിക്കൽ നടപടി പൂർത്തിയായ ശേഷം ട്രെയിനുകൾ സർവീസ് ആരംഭിക്കും

അടുത്തവർഷത്തോടെ കേരളത്തിന് നാല് പുതിയ ട്രെയിനുകൾ അനുവദിക്കുമെന്നും പാത ഇരട്ടിപ്പിക്കൽ നടപടി പൂർത്തിയായ ശേഷം സർവീസ് ആരംഭിക്കുമെന്നും റെയിൽവേ. കേരളത്തിലെ യാത്രക്കാരുടെ ആവശ്യങ്ങൾ റെയിൽവേയുടെ ടൈംടേബിൾ കമ്മിറ്റി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് ട്രെയിനുകൾ സംസ്ഥാനത്ത് അനുവദിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു.

ബംഗളൂരുവിൽ നിന്നും മംഗലാപുരത്തുനിന്നും രണ്ടുവീതം ട്രെയിനുകളും ഹൈദരാബാദിൽ നിന്നും മുംബൈയിൽ നിന്നും ഒരോ ട്രെയിനുകൾ വീതവുമാണ് നിർദ്ദേശിക്കപ്പെട്ടത്. ഇതിൽ മംഗലാപുരം – തിരുവനന്തപുരം റൂട്ടിലെ രണ്ടെണ്ണം ഒഴിച്ച് മറ്റ് നാല് ട്രെയിനുകൾക്കും റെയിൽ മന്ത്രാലയം പച്ചക്കൊടി കാണിച്ചു.

പാതയിരട്ടിപ്പിക്കൽ നടപടി പൂർത്തിയായ ശേഷം ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്നവ്യവസ്ഥയോടെയാണ് പുതിയ ട്രെയിനുകൾ അനുവദിച്ചത്. എറണാകുളം മുതൽ തിരുവനന്തപുരം വരെ പാതയിരട്ടിപ്പിക്കൽ നടപടി 2020 മധ്യത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് റെയിൽവേയുടെ നിഗമനം. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള പതിനാറര കിലോമീറ്റർ ദൂരത്തെ നിർമാണ പ്രവർത്തനം മാത്രമാണ് ഇനി ബാക്കിയുള്ളത്. മംഗലാപുരം – തിരുവനന്തപുരം റൂട്ടിൽ പകൽ സമയത്തോടുന്ന രണ്ട് ട്രെയിനുകളെന്ന നിർദേശം ഇപ്പോൾ അംഗീകരിച്ചില്ലെങ്കിലും 2020 അവസാനത്തോടെ അനുവദിക്കുമെന്നാണ് സൂചന.

Back to top button