മാർക്ക്ദാന വിവാദം: കെ.ടി ജലീൽ മന്ത്രി സ്ഥാനത്ത്നിന്ന് മാറി ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല

സംഭവത്തിൽ നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാൻ മന്ത്രി ജലീലിനാവില്ലെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിനിടെ പറഞ്ഞു

കൊച്ചി: മാർക്ക്ദാന വിവാദത്തിൽ സർക്കാരിനെതിരെ തുറന്ന പോര് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി ജലീൽ മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തിൽ നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാൻ മന്ത്രി ജലീലിനാവില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിനിടെ പറഞ്ഞു. മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാണോ എന്നും ചെന്നിത്തല ചോദിച്ചു. ജലീൽ പച്ചക്കള്ളം പറയുന്നത് എന്തൊക്കെയോ മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

സർവകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിച്ചാണ് മന്ത്രിയും ഓഫിസും തോന്നിയപടി മാർക്കുകൾ വാരിക്കോരി നൽകിയതെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. ഏത് നിയമപ്രകാരമാണ് മന്ത്രി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി കേരള സാങ്കേതിക സർവകലാശാലയിലും എം.ജി സർവകലാശാലയിലും നടന്ന അദാലത്തിൽ പങ്കെടുത്തതെന്ന് വ്യക്തമാക്കണം. എം.ജി സർവകലാശാല വിസിയാണ് തെറ്റു ചെയ്തതെന്ന് ബോധ്യമുണ്ടെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ തയാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു.

അതേസമയം, എം.ജി സർവകലാശാല മാർക്ക്ദാന വിവാദവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിയുകയാണ്. തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ മുഴുവൻ സമയവും പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. എം.ജി സർവകലാശാല അദാലത്തിൽ മുഴുവൻ സമയവും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീൻ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Back to top button