ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ തെളിവായി 37 മിനിട്ട് വീഡിയോ

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ തെളിവായി 37 മിനിട്ട് വീഡിയോ

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ തെളിവായി 37 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഉണ്ടെന്ന് വാര്‍ത്ത പുറത്തുവിട്ട കാരവൻ മാസികയുടെ എഡിറ്റര്‍ വിനോദ് കെ ജോസ്. സുപ്രീം കോടതിയിലെ ഒരു മുൻ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത ശനിയാഴ്ച രാവിലെ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ രാവിലെ 11 മണിയോടെ സുപ്രീം കോടതിയിൽ അസാധാരണ നടപടികള്‍ ആരംഭിച്ചിരുന്നു.

ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന പീഡനപരാതി സംബന്ധിച്ച്, കാരവൻ, സ്ക്രോള്‍, വയര്‍ എന്നീ മൂന്ന് ഓൺലൈൻ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്. ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതിയിൽ വെച്ച് തനിക്ക് മോശം അനുഭവമുണ്ടായെന്ന് ചൂണ്ടിക്കാട്ടി 22 ജഡ്ജിമാര്‍ക്ക് യുവതി പരാതി നല്‍കുകയായിരുന്നു. ക്രമക്കേടുകളുടെ പേരിൽ ഓഫീസ് സ്റ്റാഫ് സ്ഥാനത്തു നിന്ന് ഇവരെ നേരത്തെ പുറത്താക്കിയിരുന്നു. ഇവര്‍ ജ‍ഡ്ജിമാര്‍ക്ക് അയച്ച പരാതിയുടെ വെളിച്ചത്തിലാണ് വാര്‍ത്ത നല്‍കിയതെന്ന് കാരവൻ എഡിറ്ററെ ഉദ്ധരിച്ച് ഒരു മലയാളം വാര്‍ത്താ ചാനൽ റിപ്പോര്‍ട്ട് ചെയ്തു.

യുവതിയുടെ പരാതി സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെ മാധ്യമങ്ങള്‍ വിഷയത്തിൽ സുപ്രീം കോടതിയുടെ ഔദ്യോഗിക വിശദീകരണം തേടിയിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു സംഭവമുണ്ടായിട്ടില്ലെന്നും പരാതി അടിസ്ഥാന രഹിതമാണെന്നും സ്ഥാപിക്കാനാണ് സുപ്രീം കോടതി രജിസ്ട്രാര്‍ ശ്രമിച്ചതെന്ന് വിനോദ് കെ ജോസ് പറഞ്ഞു.

കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവര്‍ക്ക് പരാതിയെക്കുറിച്ച് അറിയാമെന്ന് പരാതിക്കാരി പറയുന്നുണ്ടെന്നും ആരോപണത്തിന് തെളിവായി 37 മിനിട്ട് വീഡിയോ ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കാരവൻ എഡിറ്റര്‍ അറിയിച്ചു.

Back to top button