സംസ്ഥാനം (State)

കേരളാ ബാങ്ക് രൂപീകരണത്തിന് സർക്കാരിന് ആർ.ബി.ഐ അനുമതി

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കേരള ബാങ്ക് യാഥാർത്ഥ്യമാകും.

കേരളാ ബാങ്ക് രൂപീകരണത്തിന് സർക്കാരിന് അനുമതി. ഇതുസംബന്ധിച്ചുള്ള ആർ.ബി.ഐയുടെ അനുമതി കത്ത് സർക്കാരിന് ലഭിച്ചു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കേരള ബാങ്ക് യാഥാർത്ഥ്യമാകും. 14 ജില്ലാ ബാങ്കുകളേയും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചാകും കേരള ബാങ്ക് രൂപീകരിക്കുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എസ്.ബി.ഐയിൽ ലയിപ്പിച്ചതോടെയാണ് സംസ്ഥാനത്തിന് ഒരു ബാങ്കെന്ന നിലയിൽ കേരള ബാങ്ക് എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചത്. സർക്കാർ പദ്ധതികൾക്ക് ആവശ്യമായ വായ്പകളടക്കം കേരള ബാങ്കിനെ ആശ്രയിക്കാമെന്നതാണ് നേട്ടം. അധികാരമേറ്റ ഉടനെ കേരള ബാങ്കിന്റെ അനുമതിക്കായി സർക്കാർ ആർ.ബി.ഐയിൽ അപേക്ഷ നൽകിയിരുന്നു.

ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് സംസ്ഥാന സർക്കാരിന് മാർഗനിർദേശങ്ങൾ നൽകിയിരുന്നു.

ഒരു ലക്ഷം കോടി രൂപ പ്രാഥമിക മൂലധനത്തിൽ ബാങ്ക് സുഗമമായി മുന്നോട്ട് പോകുമെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. കേരള ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്ക് പ്രാഥമിക അനുമതി നൽകിയെങ്കിലും യാഥാർത്ഥ്യമാകാൻ നിരവധി കടമ്പകളാണ് കടക്കേണ്ടിയിരുന്നത്.

പതിനാലു ജില്ലാ ബാങ്കുകളുടേയും പൊതുയോഗം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ലയനാനുമതി പ്രമേയം പാസാക്കണമെന്നതായിരുന്നു ഇതിനായുള്ള ആദ്യ നടപടി. യു.ഡി.എഫ് ഭൂരിപക്ഷമുള്ള അഞ്ച് ജില്ലാ ബാങ്കുകൾ ലയനത്തെ എതിർത്തു. ഇത് പിന്നീട് പൊതുയോഗത്തിൽ കേവല ഭൂരിപക്ഷം മതി എന്ന് ഇളവ് ചെയ്തെങ്കിലും മലപ്പുറം ജില്ലാ ബാങ്കിന്റെ എതിർപ്പ് തുടർന്നു. അനുമതിക്ക് 19 നിബന്ധനകളാണ് റിസർവ് ബാങ്ക് മുന്നോട്ട് വെച്ചിരുന്നത്. ഒടുവിൽ കടമ്പകളെല്ലാം കടന്ന് കേരള ബാങ്ക് യാഥാർത്ഥ്യമാവുകയാണ്.

Tags
Back to top button