പങ്കാളിയോടുമാവാം അൽപം മര്യാദ; ശ്രദ്ധിക്കാം ഈ 10 കാര്യങ്ങൾ.

പ്രണയബന്ധം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളിൽതന്നെ പങ്കാളികൾ തമ്മിൽ വൈകാരികമായ ആത്മബന്ധമുണ്ടാകുന്നത് സ്വാഭാവികമാണ്. അതോടൊപ്പം സാമൂഹ്യജീവിതത്തിൽ പാലിച്ചു വരുന്ന പല ഉപചാരങ്ങളും മര്യാദകളും പങ്കാളിയോട് കാണിക്കേണ്ട ആവശ്യമില്ലെന്നും തോന്നാം. ഒരു പരിധി വരെ ഇതു ശരിയാണെങ്കിലും സാമൂഹ്യജീവിതത്തിൽ പാലിക്കുന്ന മര്യാദകളിൽ ചിലതൊക്കെ പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലും സൂക്ഷിക്കുന്നത് ദീര്‍ഘകാലത്തേയ്ക്ക് ബന്ധം സുഖകരമായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കും.

1. പങ്കാളിയുടെ ആവശ്യങ്ങളും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുക

പങ്കാളിയുടെ ആവശ്യങ്ങൾ എന്തെല്ലാമെന്ന് തിരിച്ചറിഞ്ഞ് അവ നിറവേറ്റാൻ സഹായിക്കുക. ജീവിതത്തിൽ നിങ്ങൾക്കൊപ്പം തന്നെ അവര്‍ക്കും വിലയുണ്ടെന്നു മനസ്സിലാക്കുക.

2. പങ്കാളിയുടെ പരിധികള്‍ മനസ്സിലാക്കുക.

 എത്ര അടുപ്പമുണ്ടെങ്കിലും നിങ്ങളോടു വെളിപ്പെടുത്താൻ സാധിക്കാത്ത കാര്യങ്ങൾ പങ്കാളിയ്ക്കുണ്ടെന്ന് മനസ്സിലാക്കുക. അവരുടെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറരുത്. പകരം നിങ്ങളോട് എല്ലാം തുറന്നു പറയാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്.

3. പെരുമാറ്റത്തിലെ മര്യാദ

എത്ര അടുപ്പമുണ്ടെങ്കിലും മനസ്സിൽ തോന്നുന്ന ദേഷ്യവും അമര്‍ഷവും അതേപടി പ്രകടിപ്പിക്കാൻ പാടില്ല. അത്തരം സന്ദര്‍ഭങ്ങളിൽ സ്വയം നിയന്ത്രിക്കുക.

4. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക

നിങ്ങളുടെ പ്രണയബന്ധത്തിൽ വാക്കുകൾ സെൻസര്‍ ചെയ്യണമെന്ന് അര്‍ത്ഥമില്ല. എന്നാൽ പങ്കാളിയെ വിഷമിപ്പിക്കുന്നതോ മുറിപ്പെടുത്തുന്നതോ ആയ വാക്കുകൾ ഉപയോഗിക്കാതിരിക്കുക.

5. പ്രണയം ഒരു വണ്‍വേ ട്രാഫിക് അല്ല

പങ്കാളിയിൽ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന സ്നേഹവും കരുതലും തിരിച്ചും നല്‍കുക. നിങ്ങളിൽ നിന്ന് ഇതേ അളവിൽ അവരും അത് ആഗ്രഹിക്കുന്നുണ്ടെന്ന് അറിയുക.

6. പങ്കാളിയും നിങ്ങളെപ്പോലെ ഒരു വിഷമഘട്ടത്തിലായിരിക്കാം

ജോലിസ്ഥലത്തെ ടെൻഷൻ മൂലം നിങ്ങളുടെ മാനസികാവസ്ഥ മോശമായിരിക്കാം. എന്നാൽ നിങ്ങളെ ആശ്വസിപ്പിക്കാൻ കഴിയാതിരിക്കുന്നത് പങ്കാളിയുടെ കഴിവുകേടാണെന്നോ നിങ്ങളെപ്പറ്റി അവര്‍ക്ക് കരുതലില്ലാത്തതിനാലാണെന്നോ കരുതരുത്. ജോലിസ്ഥലത്തെ പ്രശ്നങ്ങളും ടെൻഷനുകളും മൂലം പങ്കാളിയും പ്രശ്നത്തിലായിരിക്കാമെന്നു മനസ്സിലാക്കുക.

7. പങ്കാളിയ്ക്ക് എന്തു തോന്നുന്നുവെന്ന് കണക്കുകൂട്ടണ്ട

പങ്കാളിയെ നിങ്ങൾക്ക് എത്ര നന്നായി അറിയാമെങ്കിലും വ്യത്യസ്തവിഷയങ്ങളെപ്പറ്റി പങ്കാളിയുടെ ചിന്ത എന്തായിരിക്കുമെന്നതിനെപ്പറ്റി ചിന്തിച്ച് മനസ്സിൽ ഒരു ചിത്രം തയ്യാറാക്കി വയ്ക്കുന്നത് പലപ്പോഴും നന്നല്ല. നിങ്ങൾക്ക് ഊഹിക്കാവുന്ന കാര്യങ്ങളാണെങ്കിലും പങ്കാളിയുടെ പ്രതികരണം കേള്‍ക്കുമ്പോൾ എപ്പോഴും ഒന്നു ഞെട്ടാൻ തയ്യാറായിരിക്കുക.

8. ഇടയ്ക്കൊക്കെ ഒന്നു കണ്ണാടിയിൽ നോക്കുക.

പുറത്തിറങ്ങുമ്പോള്‍ നടക്കുന്നതുപോലെ വീട്ടിൽ അണിഞ്ഞൊരുങ്ങേണ്ടെന്നത് ആശ്വാസമാണ്. എന്നാൽ വീട്ടിലാണെങ്കിലും സാമാന്യം വൃത്തിയോടു കൂടി വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക. പങ്കാളിയുടെ മാതാപിതാക്കളോ സുഹൃത്തുക്കളോ എത്തുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

9. പങ്കാളിയെ സംശയിക്കാതിരിക്കുക.

നിങ്ങൾ കൂടെയില്ലാത്തപ്പോൾ പങ്കാളി എന്തു ചെയ്യുകയായിരിക്കുമെന്നതിനെക്കുറിച്ച് ആകുലപ്പെടാറുണ്ടോ? എന്തെങ്കലും തെറ്റു ചെയ്തിട്ട് അതു മറയ്ക്കാൻ ശ്രമിക്കുകയാണെന്ന് തോന്നാറുണ്ടോ? പങ്കാളി നിങ്ങളോട് സത്യസന്ധമായാണ് പെരുമാറുന്നത് എന്നു മനസ്സിലാക്കുക.

10. സോറി പറയേണ്ട സന്ദര്‍ഭങ്ങൾ ഒഴിവാക്കുക.

നിങ്ങളുടെ ഭാഗത്തു നിന്നു തെറ്റു സംഭവിച്ചാൽ മറ്റാരുടെ മുൻപിലും ക്ഷമ പറയുന്നതിലും എളുപ്പത്തിൽ പങ്കാളിയോട് ക്ഷമ പറയാം. പക്ഷെ അത്തരം തെറ്റുകൾ ആവര്‍ത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

advt
Back to top button