കുവൈത്തിലെ സ്വദേശികൾക്ക് സ്വകാര്യ മേഖലയിലെ ജോലികളോട് വിമുഖതയെന്ന് കണക്കുകൾ

സ്വദേശിവത്കരണ ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിൽ ജോലി ലഭിച്ച 80 ശതമാനം പേരും ജോലി നിരസിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വദേശികൾക്ക് സ്വകാര്യ മേഖലയിലെ ജോലികളോട് വിമുഖതയെന്ന് കണക്കുകൾ. സ്വദേശിവത്കരണ ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിൽ ജോലി ലഭിച്ച 80 ശതമാനം പേരും ജോലി നിരസിച്ചു. പാർലമെന്റിൽ അബ്ദുല്ല അൽ കൻദരി എം.പി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി സർക്കാർ വ്യക്തമാക്കിയ കണക്കുകൾ ഒരു പ്രദേശിക ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തത്.

ശമ്പളത്തിന് പുറമെ പ്രത്യേക അലവൻസ് കൂടി നൽകിയാണ് കുവൈത്ത് സർക്കാർ സ്വദേശികളെ സ്വകാര്യ മേഖലാ ജോലികളിലേക്ക് ആകർഷിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന ശമ്പളത്തിന് പുറമെ സർക്കാർ നിശ്ചിത തുകയും നൽകി ശമ്പളം സർക്കാർ മേഖലയ്ക്ക് തുല്യമാക്കിയിട്ടും സ്വദേശികൾക്ക് സ്വകാര്യ മേഖലയിലെ ജോലിയോട് താൽപര്യമില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 5778 തസ്തികകളിലേക്ക് സ്വദേശികൾക്ക് അവസരം നൽകിയപ്പോൾ അതിൽ ആകെ 1160 പേര് മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. 2017-ൽ 6861 തസ്തികകൾ സ്വദേശികൾക്ക് അനുവദിച്ചപ്പോൾ 4067 പേരും ജോലി സ്വീകരിക്കാൻ തയ്യാറായില്ല.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 30,000 സ്വദേശികൾക്കുള്ള സബ്സിഡി തുക സർക്കാർ വർദ്ധിപ്പിച്ചിരുന്നു. ഇതിനുശേഷവും സ്വദേശി യുവാക്കൾക്ക് സ്വകാര്യമേഖലയോട് താൽപര്യം കുറയുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Back to top button