ശബരി ഹെലിക്കോപ്ടർ സർവീസ്: സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ ദേവസ്വം ബോർഡ്

നിലയ്ക്കലിലേക്ക് ഹെലികോപ്ടർ സർവീസ് നടത്താനും അഭിഷേകം ഉൾപ്പെടെ നടത്താനും സൗകര്യം നൽകുമെന്ന പരസ്യത്തിനെതിരെ നിയമനടപടിയെടുക്കാൻ ബോർഡ് തീരുമാനിച്ചു.

ശബരിമലയിലേക്ക് ഹെലികോപ്ടർ സർവീസ് നടത്താനും വഴിപാടുകൾ കച്ചവടവല്ക്കരിക്കാനുമുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ ദേവസ്വം ബോർഡ് കർശന നടപടിക്ക്. നിലയ്ക്കലിലേക്ക് ഹെലികോപ്ടർ സർവീസ് നടത്താനും അഭിഷേകം ഉൾപ്പെടെ നടത്താനും സൗകര്യം നൽകുമെന്ന പരസ്യത്തിനെതിരെ നിയമനടപടിയെടുക്കാൻ ബോർഡ് തീരുമാനിച്ചു. ഇത്തരം നീക്കം ഒരു തരത്തിലും അനുവദിക്കില്ലെന്നു ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.

ശബരിമല ഭക്തർക്കായി നിലയ്ക്കൽ വരെ ഹെലികോപ്ടർ സർവീസ് നടത്തുമെന്നാണ് ശബരി സർവീസ് എന്ന സ്വകാര്യ കമ്പനിയുടെ പേരിലുള്ള പരസ്യത്തിൽ പറയുന്നത്. കാലടിയിൽ നിന്നും നിലയക്കൽ വരെ ദിവസവും 12 തവണ സർവീസുണ്ടാകുമെന്നാണ് പരസ്യം. ഇങ്ങനെ വരുന്നവർക്ക് സന്നിധാനത്ത് സുഗമമായ ദർശനത്തിനും മേൽശാന്തിയെ കാണുന്നതിനും സൗകര്യമൊരുക്കും. കൂടാതെ നെയ്യഭിഷേകത്തിനും സന്നിധാനത്ത താമസത്തിനും സൗകര്യമൊരുക്കും. ഇതിനൊക്കെയായി 29,500 രൂപയാണ് നൽകേണ്ടത്. കമ്പനിയുടെ നടപടിക്കെതിരെ കർശന നടപടിയെടുക്കാനാണ് ഇന്നലെ ചേർന്ന ബോർഡ് യോഗം തീരുമാനിച്ചത്. സർക്കാരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കും.

എന്നാൽ തങ്ങൾ ഇത്തരത്തിൽ പരസ്യങ്ങളൊന്നും നൽകിയിട്ടില്ലെന്നാണ് ശബരി സർവീസിന്റെ വിശദീകരണം. പലയിടത്തായി ഹെലികോപ്ടർ സർവീസ് നടത്താൻ കഴിയുമോയെന്ന പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്.

അടിയന്തര ആവശ്യങ്ങൾക്കുപയോഗിക്കാൻ നിലയ്ക്കലും പാണ്ടിത്താവളത്തും ഹെലിപ്പാഡുകളുണ്ടെങ്കിലും ഇവ സാധാരണ യാത്രകൾക്ക് ഉപയോഗിക്കാൻ അനുവാദമില്ല. ഈ നവംബർ 17 മുതൽ സർവീസ് ആരംഭിക്കുമെന്നാണ് പരസ്യത്തിൽ പറയുന്നത്.

Back to top button