സംസ്ഥാനം (State)

ശബരിമലയിൽ 51 യുവതികള്‍ കയറിയെന്ന് റിപ്പോര്‍ട്ട്.

ശബരിമലയിൽ

ന്യൂഡൽഹി: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച കോടതി വിധിയ്ക്കു ശേഷം 51 യുവതികള്‍ ശബരിമല കയറിയെന്ന് വ്യക്തമാക്കി സുപ്രീം കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുത്താനൊരുങ്ങി സര്‍ക്കാര്‍. പട്ടികയിൽ ഗുരുതരമായ തെറ്റുകളും അവ്യക്തതയും കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പട്ടിക തിരുത്തുന്നത്. ഇതിനു ശേഷം പുതിയ പട്ടിക പുറത്തിറക്കും.

സര്‍ക്കാര്‍ കോടതിയിൽ അവതരിപ്പിച്ച 51 പേരുടെ പട്ടികയിൽ പലരുടെയും പ്രായവും ലിംഗവും തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു. ശബരിമല ദര്‍ശനത്തിനായി വെര്‍ച്വൽ ക്യൂവിൽ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങളിൽ നിന്നാണ് പട്ടിക തയ്യാറാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാൽ കൂടുതൽ വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം കോടതി ആവശ്യപ്പെടുമ്പോള്‍ പുതുക്കിയ പട്ടിക സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

നവംബര്‍ 16 മുതൽ 16 ലക്ഷത്തോളം പേരാണ് കേരള പോലീസ് തയ്യാറാക്കിയ വെര്‍ച്വൽ ക്യൂവിൽ രജിസ്റ്റര്‍ ചെയ്തത്. ഇതിൽ 8.2 ലക്ഷത്തോളം പേര്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. ഈ പട്ടികയിൽ 10നും 50നും ഇടയിൽ പ്രായമുള്ള 7564 പേര്‍ ഉണ്ടായിരുന്നുവെന്നും ഇതിൽ തടസ്സങ്ങളില്ലാതെ 51 പേര്‍ ദര്‍ശനം നടത്തിയെന്നുമാണ് പട്ടികയിൽ പറയുന്നത്.

വെര്‍ച്വൽ ക്യൂവിൽ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തീര്‍ത്ഥാടകര്‍ നല്‍കുന്ന വിവരങ്ങളാണ് സര്‍ക്കാരിന്‍റെ പക്കലുള്ളത്. ഇതിൽ പ്രായം, ലിംഗം തുടങ്ങിയ വിവരങ്ങള്‍ തിരിച്ചറിയൽ രേഖകളുമായി ഒത്തുനോക്കിയിരുന്നില്ല.

Tags
Back to top button