കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണം ഈ മാസവും പ്രതിസന്ധിയിൽ

ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 20 കോടി രൂപ എല്ലാ മാസവും അനുവദിക്കാറുണ്ട്. എന്നാൽ ഈ മാസം ഇതുവരെ ഇതിനുള്ള നടപടികളായിട്ടില്ല.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണം ഈ മാസവും പ്രതിസന്ധിയിലായി. കഴിഞ്ഞമാസം 192 കോടി രൂപ വരുമാനം കിട്ടിയെങ്കിലും ശമ്പളം കൊടുക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.

ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 20 കോടി രൂപ എല്ലാ മാസവും അനുവദിക്കാറുണ്ട്. എന്നാൽ ഈ മാസം ഇതുവരെ ഇതിനുള്ള നടപടികളായിട്ടില്ല. പ്രളയത്തെത്തുടർന്ന് ഓഗസ്റ്റ് മാസത്തിൽ വരുമാനത്തിൽ 15 കോടിയോളം ഇടിവുണ്ടായി.

എന്നാൽ സെപ്റ്റംബറിൽ വരുമാനം 192 കോടിയെത്തി. എന്നാൽ കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തിലെ ബാധ്യതയും ,സ്പെയർ പാർട്സിനും , ഇന്ധനത്തിനുള്ള ചെലവും കഴിച്ച് കാര്യമായ നീക്കിയിരുപ്പില്ല. ഇതാണ് ശമ്പളം മുടങ്ങാൻ കാരണം.

ശമ്പളവിതരണത്തിനുളള സഹായത്തിനു പുറമേ, 50 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

ഹൈക്കോടതി നിർദേശപ്രകാരം 2500 ഓളം താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ പ്രതിദിനം 1500 സർവീസുകൾ മുടങ്ങുന്ന സാഹചര്യമാണുള്ളത്. ഇതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.

Back to top button