സ്പോട്സ് (Sports)

വെസ്റ്റ് ഇൻഡീസിനെതിരായ T20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തി.

ശിഖർ ധവാന് പരുക്കേറ്റതോടെയാണ് സഞ്ജു ടീമിലെത്തിയത്.

വെസ്റ്റ് ഇൻഡീസിനെതിരായ T20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തി. ടീം പ്രഖ്യാപിച്ചിരുന്നെങ്കിലും ശിഖർ ധവാന് പരുക്കേറ്റതോടെയാണ് സഞ്ജു ടീമിലെത്തിയത്. കാൽമുട്ടിനേറ്റ പരിക്കാണ് ശിഖർ ധവാന് തിരിച്ചടിയായത്.

സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദ് നാഷണൽ ക്രിക്കറ്റ് അക്കാഡമി ഫിസിയോ ആഷിഷ് കൗഷികുമായി ധവാന്റെ പരിക്കിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഇതുപ്രകാരം താരത്തിന് പൂർണ കായികക്ഷമത വീണ്ടെടുക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

ഇതോടെയാണ് പകരക്കാരന്റെ സ്ഥാനത്തേയ്ക്ക് സഞ്ജു സാംസൺ എത്തുന്നത്. നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്റിട്വന്റി മത്സരത്തിൽ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാൽ ഒരു മത്സരവും കളിച്ചിരുന്നില്ല. പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ ടീമിനെ തെരഞ്ഞെടുത്തപ്പോൾ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു.

ധവാൻ പുറത്തായ സാഹചര്യത്തിൽ കെ.എൽ രാഹുലാകും ഓപ്പണറുടെ റോളിൽ എത്തുക. ഡിസംബർ ആറിനാണ് വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പര ആരംഭിക്കുന്നത്.

സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ കടുത്ത പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്തു നിന്ന് ഉയർന്നത്. ഹർഷ ഭോഗ്ലെ, ശശി തരൂർ, മാധ്യമ പ്രവർത്തകനായ അയാസ് മേനോൻ, മുൻ ദേശീയ താരം തുടങ്ങിയവരൊക്കെ സഞ്ജുവിനെ ഒഴിവാക്കിയതിരെ രംഗത്തെത്തിയിരുന്നു.

Tags
Back to top button