സംസ്ഥാനം (State)

സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി മോഹനനെ രൂക്ഷമായി വിമർശിച്ച് എസ്.ഡി.പി.ഐ

പി മോഹനൻ ഹിന്ദുത്വ ശക്തികൾക്ക് വഴിമരുന്നിട്ട് കൊടുക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദ്

പിന്നാക്ക-ന്യൂനപക്ഷ സംഘടിത മുന്നേറ്റങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി മോഹനൻ ഹിന്ദുത്വ ശക്തികൾക്ക് വഴിമരുന്നിട്ട് കൊടുക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദ്. പി മോഹനന്റെ പ്രസ്താവനയെ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ സ്വാഗതം ചെയ്തത് ഇതിന്റെ അടിയന്തര ഫലമാണ്. ഇത് സി.പി.ഐ.എം നിലപാടാണോ എന്ന് പാർട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം എസ്.ഡി.പി.ഐ നിലപാട് വ്യക്തമാക്കിയത്.

പാർട്ടിക്കെതിരായ വിമർശനങ്ങളിൽ നിന്ന് തലയൂരുക, പാർട്ടിയിലെ ഹിന്ദു വർഗീയ വാദികളെ തൃപ്തിപ്പെടുത്തുക തുടങ്ങിയ ഇരട്ട ലക്ഷ്യമാണ് സി.പി.ഐ.എം നേതാവിന്റെ പ്രസ്താവനക്കു പിന്നിൽ പാർട്ടി അണികൾ മാവോയിസത്തിലേക്ക് കൂടുമാറുന്നതിന്റെയും യു.എ.പി.എയോടുള്ള വൈരുധ്യാത്മക നിലപാടിന്റെയും പ്രതിസന്ധിയിൽനിന്ന് ഒളിച്ചോടാനാണ് പി മോഹനൻ ശ്രമിക്കുന്നത്. അത് വിലപ്പോകില്ല. യഥാർത്ഥ പ്രശ്നങ്ങളെ സംബോധന ചെയ്യുന്നതിന് പകരം വഴിയെ പോകുന്നവരെ തെറി വിളിച്ച് രക്ഷപ്പെടുന്നത് അന്തസ്സുള്ളവർക്ക് നിരക്കുന്നതല്ല.

പി മോഹനനിൽ നിന്ന് നിരന്തരം പ്രകടമാകുന്ന വർഗീയ മനസ്സ് സി.പി.ഐഎമ്മിന്റെ മതനിരപേക്ഷ വാദത്തിന് വിരുദ്ധമാണ്. വ്യാജ ഏറ്റുമുട്ടൽ കൊലകളിലും കൗമാരക്കാരായ പാർട്ടി പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയതിലും വ്യക്തമായ വിശദീകരണം നൽകാൻ കഴിയാത്ത സി.പി.ഐ.എം അപരന്റെ മേൽ കുറ്റം ചാർത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നത് വർഗവഞ്ചനയാണ്. സി.പി.ഐ.എം കുടുംബത്തിലും പാർട്ടി നേതൃത്വത്തിലും ഉള്ളവർ മാവോയിസ്റ്റ് ആയിട്ടുണ്ടെങ്കിൽ അതിന് മറുപടി പറയേണ്ടത് സി.പി.ഐ.എമ്മാണ്. കോഴിക്കോട് പാർട്ടി ഘടകത്തിൽ നിന്നു പോയതിന്റെ ഉത്തരവാദിത്വം ജില്ലാ സെക്രട്ടറിയായ പി മോഹനനാണ്.

അടിസ്ഥാന കമ്യൂണിസ്റ്റ് ആശയത്തിൽ നിന്നു സി.പി.ഐ.എം വ്യതിചലിച്ചതിനാലാണ് അണികൾ മറ്റുവഴികൾ തേടുന്നത്. അത് തിരുത്തേണ്ടത് സി.പി.ഐ.എം തന്നെയാണ്. സി.പി.ഐമ്മിൽ നിന്നാണ് കേരളത്തിൽ നക്സലൈറ്റുകളും മാവോയിസ്റ്റുകളും ഉണ്ടാകുന്നതെന്നതാണ് മോഹനൻ മറച്ചുവെക്കുന്നത്. സംഘപരിവാർ വിരോധം ഒരു വശത്തു പറയുന്നവർ അവരുടെ ഏറ്റവും വലിയ ആയുധമായ മുസ്ലിം വിരുദ്ധത തന്നെ സങ്കുചിത കക്ഷി രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരം. സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനേ ഇതുപകരിക്കൂ എന്നതിൽ സംശയമില്ലെന്നും അബ്ദുൾ ഹമീദ് കൂട്ടിച്ചേർത്തു.

Tags
Back to top button