സംസ്ഥാനം (State)

ശബരിമലയിലെ സുരക്ഷ കർശനമാക്കി

നിലയ്ക്കലിലും പമ്പയിലും വാഹനപരിശോധനയ്ക്കായി കൂടുതൽ പോലീസിനെ വിന്യസിച്ചതിനു പിന്നാലെ കാനന പാതയിലെ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

ശബരിമലയിലെ സുരക്ഷ കർശനമാക്കി. നിലയ്ക്കലിലും പമ്പയിലും വാഹനപരിശോധനയ്ക്കായി കൂടുതൽ പോലീസിനെ വിന്യസിച്ചതിനു പിന്നാലെ കാനന പാതയിലെ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. അതേസമയം യുവതി പ്രവേശം ഉണ്ടായാൽ തടയുന്നതിനായി പമ്പ, സന്നിധാനം, കാനന പാതയിലടക്കം കൂടുതൽ സംഘപരിവാർ പ്രവർത്തകർ കേന്ദ്രീകരിക്കുന്നതായി ഇന്റലിജൻസിന്റെ റിപ്പോർട്ടുമുണ്ട്.

ഈ മണ്ഡലകാലം ആരംഭിച്ചതു മുതൽ തികച്ചും സമാധാനപരമായ തീർത്ഥാടന ദിനങ്ങളാണ് ശബരിമലയിൽ ഉണ്ടായത്. അന്യസംസ്ഥാനക്കാരായ ഏഴോളം യുവതികൾ പമ്പ വരെ എത്തിയെങ്കിലും പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചശേഷം പോലീസ് ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ച് അയക്കുകയായിരുന്നു.

എന്നാൽ ഭൂമാതാ ബ്രിഗേഡ് സംഘത്തിന്റെ വരവിനെ പോലീസ് ഇത്തരത്തിൽ കാണുന്നില്ലെന്നതാണ് പ്രധാനം. തൃപ്തി ദേശായിക്കും സംഘത്തിനും കൊച്ചിവരെ മാത്രമേ എത്താൻ സാധിച്ചുള്ളുവെങ്കിലും മറ്റ് ഏതെങ്കിലും ആക്ടിവിസ്റ്റ് സംഘടനകൾ ഇതിന് തുടർച്ചയായി ശബരിമലയിൽ എത്തുമോ എന്ന് സംശയമുയർന്നിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പമ്പയിലെയും നിലയ്ക്കലിലെയും പോലീസ് സുരക്ഷ കൂടുതൽ കർശനമാക്കിയിരിക്കുന്നത്.

വനിതാ പോലീസ് അടക്കമുള്ള കൂടുതൽ പോലീസ് സംഘം ഇന്നലെ ഉച്ചമുതൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. പമ്പയിലേക്ക് കടത്തിവിടുന്ന 15 സീറ്റിലധികമുള്ള വാഹനങ്ങൾ നിലയ്ക്കലിൽ പരിശോധിക്കുന്നുണ്ട്.

Tags
Back to top button