രാഷ്ട്രീയം (Politics)

ബി.ജെ.പിയെ കടന്നാക്രമിച്ച് ശിവസേന

മുഖപത്രമായ സാമ്നയിലൂടെയാണ് ബി.ജെ.പിക്കെതിരായുള്ള വിമർശനങ്ങൾ ശിവസേന തുടരുന്നത്

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം സംബന്ധിച്ച് ഭിന്നത തുടരുന്ന സാഹചര്യത്തിൽ ബി.ജെ.പിയെ കടന്നാക്രമിച്ച് ശിവസേന. മുഖപത്രമായ സാമ്നയിലൂടെയാണ് ബി.ജെ.പിക്കെതിരായുള്ള വിമർശനങ്ങൾ ശിവസേന തുടരുന്നത്. നിങ്ങൾ ജനിക്കുന്നതിന് മുമ്പ് തന്നെ ഹിന്ദുത്വത്തെ പിന്തുണച്ചവരാണ് ഞങ്ങളെന്നാണ് എഡിറ്റോറിയലിൽ പറയുന്നത്.

” ഞങ്ങൾ എൻ.ഡി.എയ്ക്കെതിരാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ എൻ.ഡി.എ മീറ്റിംഗിൽ തന്നെ ഇക്കാര്യം ചർച്ച ചെയ്യാനുള്ള ധൈര്യം നിങ്ങൾക്ക് എന്തുകൊണ്ടില്ല? മെഹബൂബ മുഫ്തിയുമായും നിതീഷ് കുമാറുമായും സഖ്യം ചേരുന്നതിന് മുമ്പ് ബി.ജെ.പി എൻ.ഡി.എയുടെ അനുമതി തേടിയിരുന്നുോ ? എന്നാണ് ശിവസേനയുടെ ചോദ്യം.

ബാൽതാക്കറെയുടെ ചരമ വാർഷിക ദിനത്തിൽ തന്നെ എൻ.ഡി.എയിൽ നിന്ന് ശിവസേനയെ പുറത്താക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെയും കടുത്ത വിമർശനങ്ങളാണ് ശിവസേന ഉന്നയിക്കുന്നത്. ‘എല്ലാവരും എതിരായിരുന്ന സാഹചര്യത്തിൽ പോലും മോദിയെ സംരക്ഷിച്ചത് ബാൽ സാഹബ് ആണ്. ആ ആളുടെ ചരമ വാർഷിക ദിനത്തിൽ തന്നെ നിങ്ങൾ ശിവസേനയെ എൻ.ഡി.എയിൽ നിന്ന് പുറത്താക്കി?

തെരഞ്ഞെടുപ്പിൽ സഖ്യം ചേർന്ന് മത്സരിച്ച ബി.ജെ.പി-ശിവസേന സഖ്യത്തിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വിള്ളൽ വീണിരുന്നു. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ധാരണയിൽ നിന്ന് ബി.ജെ.പി പിന്മാറിയതോടെ ഇരുകക്ഷികൾക്കുമിടയിൽ ഭിന്നത രൂക്ഷമായി. ആർക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്ത അവസ്ഥയിൽ രാഷ്ട്രപതി ഭരണത്തിലാണ് മഹാരാഷ്ട്ര. ഇതിനിടെ എൻ.സി.പിക്കൊപ്പം ചേർന്ന് കോൺഗ്രസിന്റെ പുറമെ നിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിലാണ് ശിവസേന.

Tags
Back to top button