ദേശീയം (National)

രാമക്ഷേത്രം പണിയാൻ പ്രത്യേക നിയമ നിർമ്മാണം നടത്തണം, ശിവസേന-ബി.ജെ.പി സഖ്യം ഹിന്ദുത്വത്തിന് വേണ്ടി : ഉദ്ധവ് താക്കറെ.

ഉദ്ധവ് താക്കറെയുടെ ദസറ പ്രഭാഷണത്തോടെ മഹാരാഷ്ട്രയിൽ ശിവസേനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി.

മുംബൈ: രാമക്ഷേത്രം പണിയാൻ പ്രത്യേക നിയമ നിർമ്മാണം നടത്തണമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ. പിന്നിൽ നിന്ന് കുത്തുന്ന സ്വഭാവം ശിവസേനയ്ക്കില്ലെന്നും ബിജെപിയുമായുള്ള സഖ്യം ഹിന്ദുത്വത്തിന് വേണ്ടിയാണെന്നും ഉദ്ധവ് വ്യക്തമാക്കി. ദസറ പ്രഭാഷണത്തോടെ മഹാരാഷ്ട്രയിൽ ശിവസേനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി.

ശിവജി പാർക്കിലെ വാർഷിക ദസറ സംഗമം. മുംബൈയുടെ പല ഭാഗത്തുനിന്നുമെത്തിയ ആയിരങ്ങളോട് ശിവസേന തലവൻ ഉദ്ധവ് താക്കറെ രാഷ്ട്രീയം പറയുന്നു. വോട്ടിനായി പറയുന്നതല്ല. എല്ലാ ഹിന്ദുക്കളുടെയും ആവശ്യമാണ് അയോധ്യയിലെ രാമക്ഷേത്രം. 35 കൊല്ലത്തിലേറെയായി കേസ് കോടതിയിലാണ്. രാമക്ഷേത്ര നിർമ്മാണത്തിനായി പ്രത്യേക നിയമ കൊണ്ടുവരണമെന്ന് ഉദ്ധവ് നയം വ്യക്തമാക്കി.

ഏക സിവിൽ കോഡ് നടപ്പാക്കലാകണം ഇനി കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ സ്നേഹിക്കുന്ന മുസ്ലിംകളുടെ അവകാശത്തിനായി ശിവസേന മുന്നിലുണ്ടാകുമെന്നും ഉദ്ധവ് പറഞ്ഞു. മഹാരാഷ്ട്രയിൽ ബിജെപി ശിവസേന സഖ്യം ഒരേമനസോടെ മത്സരിക്കുമെന്നും പിന്നിൽ നിന്ന് കുത്തുന്ന സ്വഭാവം സേനയ്ക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി.

Tags
Back to top button