സ്പോട്സ് (Sports)

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടി-20 ഡൽഹിയിൽ വെച്ച് തന്നെ നടക്കുമെന്ന് സൗരവ് ഗാംഗുലി.

ഡൽഹിയിലെ വായുമലിനീകരണം മത്സരത്തെ ബാധിക്കുമെന്ന് റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടി-20 ഡൽഹിയിൽ വെച്ച് തന്നെ നടക്കുമെന്ന് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഡൽഹിയിലെ വായുമലിനീകരണം മൂലം മത്സരം ഉപേക്ഷിക്കുകയോ വേദി മാറ്റുകയോ ചെയ്യേണ്ടി വരുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ മത്സരവുമായി ബന്ധപ്പെട്ട ആശങ്കകൾക്കും വിരാമമായി.

ഡൽഹിയിലെ വായുമലിനീകരണം മത്സരത്തെ ബാധിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻ ഇന്ത്യൻ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ മത്സരം നടത്തുന്നതിനെതിരെ രംഗത്തു വന്നിരുന്നു. ഡൽഹിയിൽ കടുത്ത വായുമലിനീകരണമാണുള്ളതെന്നും കളി നടത്തുന്നത് ബുദ്ധിമുട്ടാവുമെന്നും ഗംഭീർ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് മത്സരത്തിൻ്റെ വേദി മാറ്റുമെന്ന് വാർത്തകൾ പരന്നു. ഈ വാർത്തകളെയൊക്കെയാണ് ഗാംഗുലി തള്ളിയത്.

ഡൽഹിയിലെ അന്തരീക്ഷ വായു നിലവാര സൂചിക 256 ലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവടങ്ങിൽ ക്യഷിയിടങ്ങളിൽ നിലമൊരുക്കുന്നതിന്റെ ഭാഗമായി തീയിടുന്നതാണ് വായു നിലവാരം മോശമാകാൻ കാരണം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അന്തരീക്ഷ വായു നിലവാര സൂചിക ഡൽഹിയിൽ 306 ഉം നോയിഡയിൽ 356ഉം ആയി ഉയർന്നിരുന്നു.

ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് കളി നടക്കുക. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Tags
Back to top button