അന്തദേശീയം (International)

40 ശതമാനം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരെന്ന് പഠനം

അറബ് രാജ്യങ്ങളിൽ 40 ശതമാനത്തോളം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരാണെന്ന് പഠനം. ഷാർജ കുടുംബ കോടതി ജഡ്ജിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഷാർജ: അറബ് രാജ്യങ്ങളിൽ 40 ശതമാനത്തോളം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരാണെന്ന് പഠനം. ഷാർജ കുടുംബ കോടതി ജഡ്ജിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഭാര്യമാരുടെ പീഡനം നേരിടുന്ന ഏതാനും പുരുഷന്മാർ പരാതികളുമായി കോടതിയെ സമീപിച്ചിരുന്നു. കുടുംബ കോടതിയിലെ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ അത്തരം കേസുകൾ ഒത്തുതീർപ്പിലെത്തിക്കുകയായിരുന്നു.

ഭാര്യമാർ, സ്ത്രീ സുഹൃത്തുക്കൾ, ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകൾ എന്നിവരിൽ നിന്നെല്ലാം ഉപദ്രവങ്ങൾ നേരിടുന്ന പുരുഷന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളിൽ നിന്നുള്ള ശാരീരിക ഉപദ്രവം, മർദ്ദനം, അസഭ്യം പറയൽ തുടങ്ങിയവ നേരിട്ട പുരുഷന്മാരുടെ കേസുകൾ കോടതികളിലും മറ്റ് സാമൂഹിക സംഘടനകളുടെ മുന്നിലും എത്താറുണ്ട്. സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ഭാര്യമാരിൽ നിന്നുള്ള അസഭ്യവർഷവും ഭീഷണികളും നേരിട്ടവരും അക്കൂട്ടത്തിലുണ്ട്.

ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ഭാര്യമാരിൽ നിന്ന് ഉപദ്രവം നേരിടേണ്ടിവരുന്ന പുരുഷന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മാനഹാനി ഭയന്ന് ഇത്തരം പീഡനങ്ങൾ പുറത്തുപറയാൻ മടിക്കുന്നവരാണ് പുരുഷന്മാരിൽ അധികവും. പരാതി പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന ധാരണയാണ് അതിന്റെ പ്രധാന കാരണം.

അതേസമയം ഭർത്താക്കന്മാർ തങ്ങളെ ഉപേക്ഷിച്ചുപോവുകയോ അല്ലെങ്കിൽ കുടുംബത്തെ ശരിയായി സംരക്ഷിക്കാതിരിക്കുകയോ ചെയ്യുമ്പോൾ വേറെ മാർഗമുണ്ടായിരുന്നില്ലെന്നാണ് കേസുകളിൽ പ്രതിയാക്കപ്പെട്ട ഭൂരിപക്ഷം സ്ത്രീകളും പറയാറുള്ളതെന്ന് അഭിഭാഷകർ പറയുന്നു.

അതേസമയം വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ 98 ശതമാനവും കോടതിക്ക് പുറത്ത് രമ്യമായി പരിഹരിക്കപ്പെടാറുണ്ടെന്ന് അജ്മാൻ കമ്യൂണിറ്റി പൊലീസ് വിഭാഗത്തിന്റെ കണക്കുകൾ പറയുന്നു.

Tags
Back to top button