ദേശീയം (National)

സുനന്ദ പുഷ്കറിന്‍റെ ദൂരൂഹ മരണം: മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി.

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്.

സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്നുകാട്ടി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.

സുനന്ദയുടെത്​ കൊലപാതകമാണെന്ന്​ വ്യക്​തമാണെന്നും അന്വേഷണത്തിൽ നിന്ന്​ രക്ഷനേടാൻ ശശിതരൂർ ബി.ജെ.പിക്കാരായ ചിലരിൽ നിന്നു തന്നെ സഹായം തേടിയിട്ടുണ്ടെന്നും ഹരജിക്കാരനായ ബി.ജെ.പി നേതാവ്​ സുബ്രഹ്​മണ്യൻ സ്വാമി കോടതിയിൽ വ്യക്​തമാക്കിയിരുന്നു.
കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഐബി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, റോ, ഡല്‍ഹി പൊലിസ്. സി.ബി.ഐ എന്നിവരെ ഉള്‍പ്പെടുത്തിയ സംഘം കേസന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
2014 ജനുവരി 17നാണ് തെക്കന്‍ ഡല്‍ഹിയിലെ സ്വകാര്യ ഹോട്ടലില്‍ ശശി തരൂരിന്റെ ഭാര്യ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേസില്‍ ഹൈക്കോടതിയുടെ നിലപാട് നിര്‍ണ്ണായകമായേക്കും.
Tags
Back to top button