രണ്ടു മാസത്തിനകം ശബരിമലയ്ക്ക് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് കേരളത്തോട് സുപ്രീംകോടതി.

50 ലക്ഷം തീർത്ഥാടകർ വരുന്ന ക്ഷേത്രത്തിന് പ്രത്യേക നിയമം ആവശ്യമാണ്. ഇതിന്റെ കരട് നാലാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കണമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: തിരുപ്പതി, ഗുരുവായൂർ ക്ഷേത്രങ്ങളുടെ മാതൃകയിൽ ശബരിമലയ്ക്ക് പ്രത്യേക ബോർഡ് രൂപീകരിക്കാമെന്നും അതിനായി സർക്കാർ നിയമം കൊണ്ടുവരണമെന്ന് കേരളത്തോട് സുപ്രീംകോടതി. 50 ലക്ഷം തീർത്ഥാടകർ വരുന്ന ക്ഷേത്രത്തിന് പ്രത്യേക നിയമം ആവശ്യമാണ്. രണ്ടു മാസത്തിനകം പ്രത്യേക നിയമം കൊണ്ടുവരണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഇതിന്റെ കരട് നാലാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കണം.

അതിനിടെ നിയമനിർമാണത്തിന് കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. 2006ൽ നടത്തിയ ദേവപ്രശ്നം ശരിവെച്ച ഹൈക്കോടതി നടപടിക്കെതിരെ പന്തളം രാജകുടുംബത്തിലെ രേവതി തിരുനാൾ പി. രാമവർമ രാജ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എൻ.വി രമണ, സുഭാഷ് റെഡ്ഡി, ബി.ആർ ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ച് പ്രത്യേക നിയമംകൊണ്ടുവരാൻ സർക്കാരിനോട് ആവശ്യപ്പെട്ടത്.

അതേസമയം ശബരിമലയ്ക്ക് മാത്രമല്ല, തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങൾക്കുമായാണ് പ്രത്യേകം നിയമംകൊണ്ടുവരുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതുപ്രകാരമുള്ള ഭരണസമിതിയിലെ മൂന്നിലൊന്ന് അംഗങ്ങൾ വനിതകളായിരിക്കുമെന്നും സർക്കാർ കോടതിയെ വ്യക്തമാക്കി. എന്നാൽ യുവതിപ്രവേശനം സംബന്ധിച്ച വിശാലബെഞ്ചിന്റെ വിധി എതിരായാൽ എങ്ങനെ ഭരണസമിതിയിൽ സ്ത്രീകളെ ഉൾപ്പെടുത്തുമെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചു.

യുവതിപ്രവേശന വിധി എതിരായാൽ 50 വയസ് കഴിഞ്ഞ സ്ത്രീകളെ ഉൾപ്പെടുത്താമെന്നായിരുന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചത്. എന്നാൽ ശബരിമലയ്ക്ക് മാത്രമായി ഒരു നിയമം കൊണ്ടുവരുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളെ ബാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. ശബരിമലയിലെ വരുമാനത്തെ ആശ്രയിച്ചാണ് ഭൂരിഭാഗം ക്ഷേത്രങ്ങളും മുന്നോട്ടുപോകുന്നത്. ബോർഡിന് കീഴിലുള്ള 58 ക്ഷേത്രങ്ങൾ മാത്രമാണ് സ്വയംപര്യാപ്തമായുള്ളത്

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button