ദേശീയം (National)

ശബരിമലയോ അയ്യപ്പന്‍റെ പേരോ ഉപയോഗിക്കാൻ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവിഷയം തെരഞ്ഞെടുപ്പിന് ഉപയോഗിച്ചാൽ പെരുമാറ്റ ചട്ടലംഘനമാകില്ലെന്നും എന്നാൽ അതിന്‍റെ അതിര്‍ത്തി തീരുമാനിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ. ശബരിമല വിഷയത്തിൽ വര്‍ഗീയ, മതവികാരങ്ങള്‍ ഉണര്‍ത്തുന്ന രീതിയിൽ അയ്യപ്പന്‍റെ പേരോ ശബരിമലയോ ഉപയോഗിക്കാൻ പാടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

അയ്യപ്പന്‍റെ പേരോ ശബരിമലയോ ദുരുപയോഗിച്ച് ഏതെങ്കിലും വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിച്ചാൽ അത് പെരുമാറ്റ ചട്ടലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സര്‍വകക്ഷിയോഗത്തിൽ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കണമെന്നും പ്രധാനപ്പെട്ട പത്രങ്ങളിൽ ഇതുസംബന്ധിച്ച് പരസ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശത്തിൽ ബിജെപിയും കോൺഗ്രസും അതൃപ്തി രേഖപ്പെടുത്തി. എന്നാൽ രാഷ്ട്രീയമായി ശബരിമല വിഷയം ഉന്നയിക്കുന്നതിൽ തടസ്സമില്ലെന്നാണ് തെരഞ്ഞെ‍ടുപ്പ് ഓഫീസര്‍ ടീകാ റാം മീണ പറഞ്ഞതെന്നും മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ബിജെപി ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.

ശബരിമല പ്രശ്നം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാകുമെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വാക്കുകള്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഓഫീസര്‍ക്ക് അതിനുള്ള അധികാരമില്ലെന്നും ശബരിമല ഉയര്‍ത്തിക്കാട്ടി പ്രചരണം നയിക്കുമെന്നുമുളള ബിജെപി നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ രംഗത്തെത്തിയിരുന്നു.

Tags
Back to top button
%d bloggers like this: