
ആ അനുപമ തേജസ്വി അന്നെന്തോ ഉറച്ച തീരുമാനങ്ങള്‍ എടുത്തിരുന്നു.കഠിനമായ തപസ്സിനാല്‍ ആര്‍ജ്ജിച്ചെടുത്ത ആത്മവീര്യം.അതിശാന്തമാണ് ആ പ്രകൃതമെങ്കിലും അതിശക്തമായ അവിടുത്തെ പ്രകടിത ആത്മപ്രഭാവം സമീപത്തു വന്നണഞ്ഞവര്ക്ക് അനുഭവപ്പെട്ടു ആ മഹനീയ സാന്നിധ്യത്തിന്റെ പ്രകമ്പനം ഇന്നും സൂക്ഷ്മ ചിന്തയുള്ള ജിജ്ഞാസുക്കള്‍ക്ക് അനുഭവവേദ്യമാണ്.
ആ അരുവിയുടെ സമീപത്തെക്കുള്ള ആ യുവയോഗിയുടെ അതിശാന്തമായ എന്നാല്‍ അതിഗംഭീരമായ ആഗമനം അവിടെ കൂടിനിന്നവര്‍ക്കെല്ലാം ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ചു.ആ താപസ്സി നടന്നുവരികയായിരുന്ന വഴിയില്‍ കൂടിനിന്നവരെല്ലാം ആദരവോടെ കൈകൂപ്പി വഴിമാറിക്കൊടുത്തു. ഉള്ളിന്റെ ഉള്ളില്‍ അവര്‍ക്കെല്ലാം ആകെയുണ്ടായിരുന്ന ഒരാശ്രയം ആ മഹാതേജസ്വി മാത്രമായിരുന്നു. കൈകൂപ്പി കണ്ണീര്‍വാര്‍ത്തു അവര്‍ തലതാഴ്ത്തി തൊഴുതുനിന്നു.
അരുവിപ്പുറത്തു നിലയുറപ്പിച്ച ആരുടേയും ഊഹാപോഹങ്ങള്‍ക്ക് അവിടുത്തെ നിയോഗത്തിന്റെ കര്‍മ്മകുശലത അറിയുവാന്‍ കഴിഞ്ഞിരുന്നില്ല.എന്താണ് അവിടുന്ന് ചെയ്യാന്‍ പോകുന്നതെന്നും അവര്‍ക്കെല്ലാം അജ്ഞാതമായിരുന്നു.അരുമ ശിഷ്യനായ ശിവലിംഗദാസന്‍ ആയി മാറിയ കൊച്ചപ്പിപ്പിള്ള എന്ന ബാലനുപോലും ഗുരു എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മനസ്സിലായതില്ല. ശ്വാസമടക്കി നോക്കിനില്‍ക്കുകയാണ് മറ്റുള്ളവരെ പോലെ ആ യുവാവും.
ആ യോഗിയുടെ മുഖം വിദൂരതയിലേക്കാണ്.ആരെയും പ്രത്യേകിച്ച് നോക്കുന്നുണ്ടായിരുന്നില്ല. ശാന്തമായി നടന്ന് അരുവിയുടെ ഓരത്തേക്ക് എത്തി.അവിടെ കൂടിനിന്നവര്‍ ആ യോഗിയുടെ കൂടെ പിന്നാലെ നടന്നുതുടങ്ങി.ശങ്കരന് കുഴിയിലേക്കാണ് പോകുന്നതെന്ന് അവര്‍ക്ക് മനസ്സിലായി. ഉടുവസ്ത്രം പരുത്തികൊണ്ട് നെയ്ത കരയില്ലാത്ത ഒരു മുണ്ട് മാത്രം.
ഇറങ്ങുകയാണ്, വസ്തം പോലും മാറാതെ ആ യോഗിവര്യന് ശങ്കരന്കുഴിയിലേക്ക് നടന്നിറങ്ങുകയാണ്.. അത് അതീവ അപകടം നിറഞ്ഞ സ്ഥലമാണ്. കടുത്ത ആഴമുണ്ട് ആ കുഴിക്ക്. ദൃഡ ഗാത്രനായ യോഗി മെല്ലെ മെല്ലെ ആ അരുവിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടു.
എല്ലാവരും നിശ്ശബ്ദതയോടെ അരുവിലേക്ക് കണ്ണും നട്ട് നിര്‍നിമേഷരായി നിന്നു.കയ്യില്‍ തീ പന്തങ്ങലുമായി കാത്തുനിന്ന ജനത തെല്ലമ്പരന്നു കാണുന്നില്ല കുഴിയിലേക്ക് ഇറങ്ങിയ യുവയോഗിയെ കാണുന്നില്ല.ജലനിരപ്പ് ശാന്തമാണ്.ഓളങ്ങളില്ല ആളുകള്‍ ഭയത്തോടെ മുഖത്തോട് മുഖം നോക്കി. അങ്ങോട്ടും ഇങ്ങോട്ടും നടന്നു.കാണുന്നില്ല.ഇനി എന്തെങ്കിലും.
ഭയം കൂടുവരുന്നു സമയം അധികമാകുന്നു.ഇരുട്ട് വ്യാപിക്കുകയാണ്.പലരും അക്ഷമരായി.ചിലര്‍ പറഞ്ഞു സമാധാനമായിരിക്കൂ.അവിടുന്ന് തിരികെവരും കുറച്ചുകൂടി കാക്കൂ.
അതാ ജലനിരപ്പില്‍ പെട്ടെന്ന് ഓളം പരന്നു.വലതു കയ്യില്‍ എന്തോ നെഞ്ചോട് ചേര്‍ത്ത്പിടിച്ചുകൊണ്ട് ആ യോഗി ജലനിരപ്പിന് മുകളില്‍ ഉണ്ടായിരുന്ന പായലുകളെ ഇടതുകയ്യാല്‍ തടുത്ത് തൂത്തുമാറ്റി ഉയര്‍ന്നുയര്‍ന്നു വരുന്നു.
തീപ്പന്തങ്ങളുടെ വെളിച്ചത്തില്‍ അവര്‍ക്ക് വ്യെക്തമായി കയ്യിലെന്തോ ഉണ്ട്.അതോരു ശിലയാണ്. അതെ അതൊരു ലിംഗമാണ്ശി വലിംഗമാണ്.
ആര്‍ക്കും ആ യോഗിയുടെ മുഖത്തേക്ക് നേരിട്ട് നോക്കാന്‍ കഴിഞ്ഞില്ല.അസുലഭ ചൈതന്യം ആ മുഖത്ത് നിറഞ്ഞു പ്രഭതൂകിനിന്നിരുന്നു.നടന്നു നേരത്തെ തീരുമാനിച്ചുവെച്ച സമീപത്തെ അല്‍പ്പം ഉയര്‍ന്ന പ്രതലമുള്ള ചെറിയപാറയുടെ സമീപം എത്തി.
ശങ്കരന്കുഴിയിയുടെ ആഴങ്ങളില്‍നിന്നും കണ്ടെടുത്ത ശിലയെ മാറോടു ചേര്‍ത്ത് സ്വന്തം പ്രാണനെ അതിലേക്ക് ആവാഹിച്ചു.
അഭിഷകം ചെയ്യുവാന്‍ കലശക്കുടങ്ങളേന്തി പരിവാരങ്ങളില്ലായിരുന്നു.
നെഞ്ചോട് ചേര്‍ത്തു ജീവന് കൊടുത്തപ്പോള്‍ അഭിഷേകം ആക്കിയത് അണമുറിയാത്ത കണ്ണുനീര് പ്രവാഹമായിരുന്നു.അതി ഗംഭീരമായ ആത്മതേജസ്വില് നിന്നും ഗംഗാ പ്രവാഹം പോലെ ഒഴുകിവന്ന കണ്ണുനീര്തുള്ളികള്.
നൂറ്റാണ്ടുകളായി ആട്ടിഅകറ്റി സര്‍വ്വസൗഭാഗ്യങ്ങളും അപ്രാപ്യമായി ജീവിക്കേണ്ടിവന്ന സാധുജനതയുടെ ഹൃദയങ്ങളില്‍ കുളിരണിയിക്കാന്‍
ധാരയായി ഗുരു ഒഴുക്കിയ അമൃതധാര.
ഏറെനേരം നിന്നു അങ്ങനെ നിശ്ചലനായി ശങ്കരന്‍കുഴിയുടെ അഗാധ ഗര്‍ത്തത്തില്‍ നിന്നും വീണ്ടെടുത്ത മഹാശില സ്വന്തം കണ്ണുനീരിനാല്‍ അഭിഷേകം ചെയ്തു നിന്ന യോഗി ശിലയെ – ശിവലിംഗത്തെ – ശിവനെ ആ പാറയില്‍ പ്രതിഷ്ഠിച്ചു.അസ്ടബന്ധമില്ലായിരുന്നു.ശില ശിലയില്‍ അഷ്ടബന്ധം ഇല്ലാതെ ഉരുകി ഉറച്ചു.കണ്ടുനിന്നവര്‍ ചരിത്രത്തിന്റെ ഏടുകളില്‍ എഴുതിവെച്ചു. ആകാശത്ത് ഒരു മിന്നല്‍ പിണര്‍ അപ്പോള്‍ ഉണ്ടായി.തീപാറിയിരുന്നു അപ്പോള്‍. കന്മദം എരിയുന്ന ഗന്ധം പടര്‍ന്നിരുന്നു അവിടെയെല്ലാം എന്ന്.ഇന്നും ആ ശില ഉറച്ചു തന്നെ ഇരിക്കുന്നു.അത്ഭുതമൊന്നും കൂറണ്ടാ. ചെയ്തത് മഹാഗുരു നാരായണന് ആണെന്നതോര്ത്താല് മാത്രം മതി.
തന്റെ പ്രതിഷ്ഠയുടെ ലക്ഷ്യം മനസ്സിലാക്കിക്കാന്‍ നാല് വരികളും ആ യോഗി ആ ശിലയില്‍ കോറിയിട്ടു.
“ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാമിത്”
ആരും ചോദ്യം ചെയ്യാനൊന്നും ചെന്നില്ല.ആ മുഖത്തുനോക്കി ചോദ്യം ചെയ്യാന്‍ ധൈര്യം ഉള്ള ഒരാളും ഉണ്ടായിരുന്നില്ല.അന്നും ഇന്നും.കൂടെ നിന്ന ഈഴവനായ ഏതോ ഗൃഹസ്ഥന് തെല്ലു സന്ദേഹത്തോടെ ചോദിച്ചു. സ്വാമി ഇതെല്ലാം നമ്പൂതിരിമാര്‍ ചെയ്യുന്ന പ്രവര്തികളല്ലേ.നമുക്കിതിനു വിധിയുണ്ടോ ? അവര്‍ അറിഞ്ഞാല്‍.
ആ ചോദ്യത്തിന് ഗുരു മറുപടി പറഞ്ഞു.നമ്പൂതിരിമാര്ക്കെന്താണ് പ്രശ്നം.നാം അവരുടെ ശിവനെ അല്ലല്ലോ പ്രതിഷ്ടിച്ചത്.നാം നമ്മുടെ ശിവനെ അല്ലെ പ്രതിഷ്ടിച്ചത്.ഗുരു ഈഴവനാണെന്ന് വിചാരിച്ചിരുന്ന ഈഴവ പ്രമാണി കരുതി ഓ അപ്പോള്‍ ഗുരു പ്രതിഷ്ടിച്ചത് നമ്പൂതിരി ശിവനെ അല്ല ഈഴവ ശിവനെ ആണെന്ന്.ഒരുതീരുമാനവും അത് കേട്ടുനിന്നവരെല്ലാം എടുത്തു. ഇനി ആരെങ്കിലും എവിടെയെങ്കിലും ചോദ്യം ചെയ്യാന്‍ ഒരുങ്ങിയാല്‍ ഗുരു പ്രതിഷ്ടിച്ചത് ഈഴവ ശിവനെ ആണ് നമ്പൂതിരി ശിവനെയോ മേനോന് ശിവനെയോ അല്ല എന്ന് പറയാം.
അതെ നമ്മുടെ ശിവനാണത്.ഗുരുവിന്റെ ആ വിളംബരം ഓര്‍ത്തുകൊള്ളുക…
നാം ജാതി മതഭേദങ്ങള്‍ വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍ പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്പലര്ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു.നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍നിന്നും മേല്‍ പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദൈ്വതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലിലും ചേര്ക്കു എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.’
അതെ, ആ ശില ആ മഹാ യോഗിയുടെപ്രാണനാണ്.
ആ ശിവന്റെ തുടിപ്പ് മഹാഗുരുവിന്റെ ഹൃദയത്തുടിപ്പാണ്.
ആ നാം ആരാണ് ????
നാം ശരീരമല്ല,അറിവാകുന്നു.ശരീരമുണ്ടാകുന്നതിനു മുൻപിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടു തന്നെയിരിക്കും.ജനനം, മരണം,ദാരിദ്ര്യം,രോഗം,ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല.
അതെ ആ നാം …
അത് നമ്മുടെ ശിവനാണ്…
അത് നമ്മുടെ ശിവനാണ്