ദേശീയം (National)

ജമ്മുകശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു

പ്രദേശവാസിയെ തീവ്രവാദികൾ ബന്ദിയാക്കിയതായും റിപ്പോർട്ടുണ്ട്

ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ഗന്തർബലിലും ബതോത്തെയിലുമാണ് സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.

ഒരു വീട്ടിൽ ഒളിച്ചിരിക്കുന്ന തീവ്രവാദികളും സൈന്യവും തമ്മിലാണ് ബതോത്തെയിൽ ഏറ്റുമുട്ടൽ നടക്കുന്നത്. ഇവിടെയാണ് രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചത്. വീടിനുള്ളിൽ രണ്ടോ മൂന്നോ തീവ്രവാദികൾ കൂടി ഉണ്ടെന്നാണ് സംശയം.

പ്രദേശവാസിയെ തീവ്രവാദികൾ ബന്ദിയാക്കിയതായും റിപ്പോർട്ടുണ്ട്. രാവിലെ ബതോത്തെയിലൂടെ പോയ ബസിലെ ഡ്രൈവറാണ് തീവ്രവാദികളെ കണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്. സൈനികരുടെ വേഷത്തിലായിരുന്നു തീവ്രവാദികളെന്നും അദ്ദേഹം അറിയിച്ചു. ഇതേത്തുടർന്നാണ് സൈന്യം അവിടെയെത്തി തിരച്ചിൽ നടത്തിയതും ഒരു വീടിനുള്ളിൽ തീവ്രവാദികളുണ്ടെന്ന് കണ്ടെത്തിയതും.

തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരായ നീക്കം ശക്തിപ്പെടുത്തണമെന്ന് ഇന്നലെ ജമ്മു കശ്മീരിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പൊലീസിനോടും അർദ്ധസൈനികവിഭാഗങ്ങളോടും നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മൂന്നിടത്തു നിന്ന് ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗുന്തർബലിൽ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. അതേസമയം, ശ്രീനഗറിൽ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. അധികം ജനത്തിരക്കില്ലാത്ത സ്ഥലമായതിനാൽ ആളപായം ഉണ്ടായില്ല.

Tags
Back to top button