ദേശീയം (National)

എയർ ഇന്ത്യയും ഭാരത് പെട്രോളിയവും വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

അടുത്ത വർഷം മാർച്ചോടെ വിൽക്കാനാണ് തീരുമാനം

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ പൊതുമേഖല സ്ഥാപനങ്ങളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയവും വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് നടപടിക്രമങ്ങൾ ഈ വർഷത്തോടെ പൂർത്തീകരിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. അടുത്ത വർഷം മാർച്ചോടെ വിൽക്കാനാണ് തീരുമാനം. ഇതിനു പുറമേ മറ്റ് ചില പൊതുമേഖല സ്ഥാപനങ്ങൾകൂടി വിൽക്കാനും കേന്ദ്രസർക്കാർ തീരുമാനമായിട്ടുണ്ട്.

ഭാരത് പെട്രോളിയവും എയർ ഇന്ത്യയും വിൽക്കുന്നതിലൂടെ 8.5 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ രണ്ടാമത്തെ വലിയ റിഫൈനറും ഇന്ധന ചില്ലറവ്യാപാരിയുമായ ഭാരത് പെട്രോളിയം കോർപ്പറേഷനിലെ ഓഹരികൾ വിദേശ എണ്ണ കമ്പനിയ്ക്ക് ആകും വിൽക്കുക.

ആഭ്യന്തര ഇന്ധന ചില്ലറവിൽപ്പനയിൽ ബഹുരാഷ്ട്ര കമ്പനികളെ ആകർഷിച്ച് മത്സരം വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നാണ് ധനമന്ത്രിയുടെ നിലപാട്. വിവിധ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇനിയും പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ലോജിസ്റ്റിക് കമ്പനിയായ കണ്ടെയ്നർ കോർപ്പ് ഓഫ് ഇന്ത്യ ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങളാകും ഇനി വിൽപനയ്ക്ക് വയ്ക്കുക.

Tags
Back to top button