മുഖ്യമന്ത്രി ഇന്ന് വിവിധ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

അമിത് ഷാ, നിർമല സീതാരാമൻ, നിധിൻ ഗഡ്കരി ഉൾപ്പെടെയുള്ളവരെയാണ് മുഖ്യമന്ത്രി കാണുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം വിവിധ കേന്ദ്ര മന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

പ്രളയ ദുരിതാശ്വസത്തിന് കൂടുതൽ സാമ്പത്തിക സഹായം, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചകളിൽ ചർച്ചയാകും.

രാവിലെ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി മൻസുഖ് എൽ മാണ്ഡ്യവയെ കാണുന്ന മുഖ്യമന്ത്രി വിഴിഞ്ഞം ഉൾപ്പടെയുള്ള തുറമുഖ വികസന വിഷയങ്ങൾ ചർച്ച ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ്. പാർലമെന്റിനുള്ളിൽവെച്ചാണ് കൂടിക്കാഴ്ച.

പ്രളയ ദുരിതാശ്വാസ സഹായമാണ് പ്രധാന അജണ്ട. ഒരു മണി മുതൽ രണ്ട് മണി വരെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുമായാണ് കൂടിക്കാഴ്ച നടത്തും. ദേശിയ പാത വികസനത്തിനായി സംസ്ഥാന സർക്കാർ വിഹിതം നൽകാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി നേരിട്ട് അറിയിക്കും.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിലുള്ള എതിർപ്പ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് പുരിയെ കണ്ട് മുഖ്യമന്ത്രി വ്യക്തമാക്കും.

പ്രളയ ദുരിതത്തിൽ നിന്ന് കരകയറാത്ത പശ്ചാത്തലത്തിൽ കേരളത്തിന്റെ വായ്പ പരിധി വർദ്ധിപ്പിക്കണമെന്ന ആവശ്യമാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കുക.

Back to top button