സംസ്ഥാനം (State)

ജൂനിയർ അത്ലറ്റിക് മീറ്റിൽ ഹാമർ തലയിൽ വീണ് പരുക്കേറ്റ വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ

സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്.

കോട്ടയത്ത് പാലായിൽ നടന്ന ജൂനിയർ അത്ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് പരുക്കേറ്റ മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് അഫേൽ ജോൺസണിന്റെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു.

സ്വയം ശ്വസിക്കാൻ കഴിയുമോ എന്നറിയാൻ അഫേലിനെ ഞായറാഴ്ച 15 മിനിറ്റ് വെന്റിലേറ്ററിൽ നിന്ന് മാറ്റി. അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്. കുറ്റകരമായ അനാസ്ഥ, അശ്രദ്ധ എന്നിവ കാരണം അപകടം വരുത്തിയതിന് 338ാം വകുപ്പ് പ്രകാരമാണ് കേസ്, ഞായറാഴ്ച മൂന്ന് കായികാധ്യാപകരെ കൂടി പൊലിസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തു.

കഴിഞ്ഞ ദിവസം ഒഫീഷ്യൽസ് അടക്കം എട്ട് പേരെ ചോദ്യം ചെയ്തിരുന്നു. പാലാ സിഐ വിഎ സുരേഷാണ് കേസന്വേഷിക്കുന്നത്. സംഘാടകർക്ക് വീഴ്ച സംഭവിച്ചതായി പാലാ ആർഡിഒ അനിൽ ഉമ്മൻ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അഫേൽ.

Tags
Back to top button