രാഷ്ട്രീയം (Politics)

വോട്ടുകണക്കുകൾക്കുമപ്പുറം വിലമതിക്കുന്നതാണ് എൻ.എസ്.എസ് നിലപാടെന്ന് കോൺഗ്രസ്

യു.ഡി.എഫിനെ പരസ്യമായി പിന്തുണച്ച എൻ.എസ്.എസിനെ എല്ലാ രീതിയിലും പിന്തുണയ്ക്കാനാണ് കെ.പി.സി.സി യോഗത്തിൽ തീരുമാനമായത്

തിരുവനന്തപുരം: വോട്ടുകണക്കുകൾക്കുമപ്പുറം വിലമതിക്കുന്നതാണ് നായർ സർവീസ് സൊസൈറ്റിയുടെ (എൻ.എസ്.എസ്) നിലപാടെന്ന് കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പരസ്യമായി പിന്തുണച്ച എൻ.എസ്.എസിനെ എല്ലാ രീതിയിലും പിന്തുണയ്ക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി യോഗത്തിൽ തീരുമാനമായത്. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ എൻ.എസ്.എസ് നേതൃത്വം വഹിക്കുന്ന പങ്കും സ്വീകരിക്കുന്ന നിലപാടും തിരിച്ചറിയണമെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ യോഗത്തിൽ നിർദേശമുയർന്നു.

അതേസമയം, ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക സന്തുലനം ഉറപ്പാക്കാനായില്ലെന്നും ഇത് തിരിച്ചടിച്ചെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ ശക്തമായ വിമർശനമുയർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എം.എൽ.എമാരെ കൂട്ടത്തോടെ സ്ഥാനാർത്ഥികളാക്കിയതും വിനയായെന്നും വിലയിരുത്തലുണ്ടായി.

പാർട്ടിയെക്കാൾ വലുതാണ് തങ്ങളെന്ന നിലയിൽ നേരത്തേ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിറങ്ങുന്നത് തിരിച്ചടിക്കുന്നതായും വട്ടിയൂർക്കാവിൽ ആർ.എസ്.എസ് വോട്ട് സി.പി.എമ്മിന് പോയെന്നും കെ. മുരളീധരൻ പറഞ്ഞു. സംഘടനാ വീഴ്ചയും ഗൗരവമായി വിലയിരുത്തണം. എന്തൊക്കെ ദ്രോഹം ചെയ്താലും അതിനെയെല്ലാം മറികടക്കാനുള്ള സംഘടനാ സംവിധാനം സി.പി.എമ്മിനുണ്ട്. എന്നാൽ കോൺഗ്രസ് ദുർബലമായിക്കൊണ്ടിരിക്കുന്നെന്നും അഭിപ്രായമുയർന്നു.

Tags
Back to top button