ഓറഞ്ച് വിൽപ്പന മറയാക്കി കഞ്ചാവും വിദേശ മദ്യവും വിറ്റ മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി

പ്രതിയുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ എട്ട് കിലോ കഞ്ചാവും 108 കുപ്പി മാഹി നിർമ്മിത വിദേശ മദ്യവും കണ്ടെടുത്തു.

മഞ്ചേരി: ഗുഡ്സ് ഔട്ടോയിൽ ഓറഞ്ച് വിൽപ്പന നടത്തുന്നത് മറയാക്കി കഞ്ചാവും വിദേശ മദ്യവും വിറ്റ മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. നെല്ലിക്കുത്ത് മില്ലുംപടിയിൽ കോട്ടക്കുത്ത് അബ്ദുൽ സലാമാണ് (48) പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ഇ ജിനീഷും സംഘവും സലാമിന്റെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ എട്ട് കിലോ കഞ്ചാവും 108 കുപ്പി മാഹി നിർമ്മിത വിദേശ മദ്യവും കണ്ടെടുത്തു.

എക്സൈസ് ഇന്റലിജലൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് രാത്രിയാണ് അധികൃതർ വീട്ടിൽ മിന്നൽ പരിശോധന നടത്തിയത്. എക്സൈസ് സംഘം വീട് വളയുമ്പോൾ സലാം ചില്ലറ വില്പനക്കായുള്ള കഞ്ചാവ് പൊതികൾ തയാറാക്കുന്ന തിരക്കിലായിരുന്നു. വീട് വിശദമായി പരിശോധിച്ചതോടെയാണ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കേരളത്തിൽ വില്പന നിരോധിച്ച മാഹി മദ്യത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്.

കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, പൊതിയാനുള്ള നൂറുകണക്കിന് പോളിത്തീൻ കവർ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഗുഡ്സ് ഓട്ടോയിൽ ഓറഞ്ച് കച്ചവടം ചെയ്യുന്ന സലാം അതിന്റെ മറവിലാണ് കഞ്ചാവും മദ്യവും വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button