ദേശീയം (National)

കൃത്യസമയത്ത് ആംബുലൻസ് കിട്ടാഞ്ഞതിനാൽ ചികിത്സ വൈകി മറാത്തി നടിയും കുഞ്ഞും മരിച്ചു

മഹാരാഷ്ട്രയിലെ ഹിങ്കോളി ജില്ലയിലാണ് നടിയും കുഞ്ഞും പ്രസവചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചത്

മുംബൈ: കൃത്യസമയത്ത് ആംബുലൻസ് കിട്ടാഞ്ഞതിനാൽ ചികിത്സ വൈകി മറാത്തി നടി പൂജ സുഞ്ചാർ മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ ഹിങ്കോളി ജില്ലയിലാണ് 25 -കാരിയായ പൂജ സുഞ്ചാർ പ്രസവ ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചത്. പ്രസവിച്ച് നിമിഷങ്ങൾക്കകം പൂജയുടെ കുഞ്ഞും മരിച്ചിരുന്നു.

പ്രസവ വേദന ഉണ്ടായതോടെ നടിയെ ഗുരുഗ്രാമിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. അവിടെ വച്ച് കുഞ്ഞിന് ജന്മം നൽകിയെങ്കിലും നവജാതശിശു മരിച്ചു. തുടർന്ന് ആരോഗ്യനില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി പൂജയെ ഗുരുഗ്രാമിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള ഹിങ്കോളിയിലെ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ കൃത്യസമയത്ത് ആംബുലൻസ് ലഭിച്ചില്ല. പിന്നീട് ഒരു സ്വകാര്യ ആംബുലൻസിൽ പൂജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് പൂജയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഗർഭിണിയായതോടെ അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു പൂജ.

Tags
Back to top button