കുറ്റകൃത്യം (Crime)

വാളയാർ സംഭവത്തിൽ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷനും ദേശീയ പട്ടിക ജാതി കമ്മീഷനും

സംഭവം കമ്മീഷന്റെ ലീഗൽ സെൽ പരിശോധിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി

വാളയാർ സംഭവത്തിൽ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷനും ദേശീയ പട്ടിക ജാതി കമ്മീഷനും. സംഭവം കമ്മീഷന്റെ ലീഗൽ സെൽ പരിശോധിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി. ട്വിറ്ററിലാണ് കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂഖോയുടെ പ്രതികരണം.

വിഷയത്തിൽ പ്രോസിക്യൂഷന്റെ ഭാഗത്തെ ജാഗ്രതക്കുറവിനെക്കുറിച്ചും പൊലീസ് അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ചും ദേശീയ പട്ടിക ജാതി കമ്മീഷനും പരിശോധിക്കും. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള കമ്മീഷൻ ഉപാധ്യക്ഷൻ ആരോപണങ്ങൾ പരിശോധിക്കും. പ്രശ്നം ഏറെ ഗൗരവത്തോടെയാണ് കമ്മീഷൻ കാണുന്നത്.

വാളയാറിൽ 2017 ജനുവരിയിലും മാർച്ചിലുമായാണ് പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. രണ്ട് പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

അഞ്ചുപ്രതികളുണ്ടായിരുന്ന കേസിൽ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായി. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി. കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന തെളിവ് കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല. രഹസ്യ വിചാരണാവേളയിൽപ്പോലും ശക്തമായ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല. സംഭവം നടന്ന് രണ്ട് വർഷമായിട്ടും വിചാരണ ആരംഭിക്കാത്തതും വിമർശനത്തിന് ഇടയാക്കിയിരുന്നു.

Tags
Back to top button