വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകന്റെ മുഖത്ത് പത്തൊമ്പതുകാരി ആസിഡ് ഒഴിച്ചു

അലിഗഡിലെ ജീവൻഗഡ് മേഖലയിലാണ് സംഭവം

ഉത്തർപ്രദേശ്: വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകന്റെ മുഖത്ത് പത്തൊമ്പതുകാരി ആസിഡ് ഒഴിച്ചു. അലിഗഡിലെ ജീവൻഗഡ് മേഖലയിലാണ് സംഭവം. യുവാവിന്റെ കുടുംബം നൽകിയ പരാതിയിൽ പെൺകുട്ടിക്കെതിരെ കവർസി പൊലീസ് കേസെടുത്തു.

പെൺകുട്ടിയും തന്റെ മകനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ ഒരുമാസമായി ഇവർ തമ്മിൽ സംസാരിക്കാറില്ലായിരുന്നുവെന്നും യുവാവിന്റെ അമ്മ പറഞ്ഞു. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് പെൺകുട്ടി നിരന്തരമായി യുവാവിനെ വിളിച്ചിരുന്നു. സംഭവം നടന്ന വ്യാഴാഴ്ചയും പെൺകുട്ടി തന്റെ മകനെ വിളിച്ചിരുന്നു. എന്നാൽ അവൻ ഫോൺ എടുത്തില്ല. തുടർന്നാണ് വീടിന് സമീപത്തെ കടയുടെ മുന്നിൽ വച്ച് പെൺകുട്ടി മകന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചതെന്നും യുവാവിന്റെ അമ്മ പറഞ്ഞു.

കയ്യിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ആക്രമിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ആക്രമണത്തിൽ യുവാവിന്റെ കണ്ണിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് പരിസോധിക്കുന്ന ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിലെ ഡോക്ടർ വ്യക്തമാക്കി. യുവാവ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

Back to top button