ദേശീയം (National)

അയോദ്ധ്യ വിഷയത്തിൽ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി മറ്റ് മന്ത്രിമാർക്ക് നിർദ്ദേശം നൽകി.

അയോദ്ധ്യ കേസിൽ കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മറ്റ് മന്ത്രിമാർക്ക് കർശന നിർദ്ദേശം നൽകിയത്.

ന്യൂഡൽഹി: അയോദ്ധ്യ വിഷയത്തിൽ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാർക്ക് നിർദ്ദേശം നൽകി. അയോദ്ധ്യ കേസിൽ കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മറ്റ് മന്ത്രിമാർക്ക് കർശന നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തിൽ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും രാജ്യത്ത് മതസൗഹാർദ്ദം ശക്തമാക്കാൻ ആവശ്യമായ പ്രവർത്തനങ്ങളുടെ ഭാഗമാവണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയത്തിന്റെയും പരാജയത്തിന്റെയും വീക്ഷണ കോണിലൂടെ അയോദ്ധ്യ വിധിയെ നോക്കിക്കാണരുതെന്നും മോദി കൂട്ടിച്ചേർത്തു.

നവംബർ 17ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. അതിനുമുമ്പായി അയോദ്ധ്യ കേസിലെ വിധി വരും. നേരത്തെ ബി.ജെ.പി വിധിയുടെ പശ്ചാത്തലത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് നേതാക്കൾക്കും പ്രവർത്തകർക്കും നിർദ്ദേശം നൽകിയിരുന്നു. കോടതി വിധി വരുന്ന സമയത്ത് അവരവരുടെ മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് നിൽക്കണമെന്നും ജനപ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

വിവിധ മുസ്ലീം സാമുദായിക നേതാക്കളും സമാനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. വികാരപരവും പ്രകോപനപരവുമായ പ്രസ്താവനകൾ നടത്തരുതെന്ന് ബി.ജെ.പിയും ആർ.എസ്.എസും പ്രവർത്തകർക്കും നേതാക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന പ്രസ്താവനകൾക്കും പ്രചാരണങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ബി.ജെ.പി സോഷ്യൽ മീഡിയാ മേധാവി അമിത് മാളവ്യ നിർദ്ദേശം നൽകി.

Tags
Back to top button