സ്പോട്സ് (Sports)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള T20 പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യന് സമയം രാത്രി എട്ടിന് മത്സരങ്ങൾ തുടങ്ങും

ഫ്ലോറിഡ: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള T20 പരമ്പരയ്ക്ക് നാളെ ഫ്ലോറിഡയിൽ തുടക്കമാകും.

T20 പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. നാളെയും മറ്റന്നാളും അമേരിക്കയിലെ ഫ്ലോറിഡയിലും ചൊവ്വാഴ്ച ഗയാനയിലുമാണ് മത്സരങ്ങൾ. ഇന്ത്യന് സമയം രാത്രി എട്ടിന് മത്സരങ്ങൾ തുടങ്ങും.

ടെസ്റ്റിലോ ഏകദിനത്തിലോ വെസ്റ്റ് ഇൻഡീസിനെ നേരിടുമ്പോൾ പ്രധാന ടീമുകളൊന്നും പൊതുവേ ഭയക്കാറില്ല. എന്നാൽ T20-യിൽ കാര്യങ്ങൾ വ്യത്യസ്തമാകും. വിവിധ T20 ലീഗുകളിൽ കളിച്ച് തഴക്കംവന്ന താരനിരയാണ് വെസ്റ്റ് ഇൻഡീസ് പടയിലുള്ളത്. ക്രിസ് ഗെയ്ൽ ഇല്ലെങ്കിലും ഇന്ത്യ- വിൻഡീസ് T20 പരമ്പര ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.

കാർലോസ് ബ്രാത്ത്വെയ്റ്റ്, സുനിൽ നരെയ്ൻ, കീറൺ പൊള്ളാർഡ്, നിക്കോളാസ് പൂരൻ, ആന്ദ്രേ റസൽ, ഷെൽഡൺ കോട്രൽ, എവിൻ ലൂവിസ്, ഷിമ്രോൺ ഹെറ്റ്മയർ, ഒഷെയ്ൻ തോമസ് എന്നിവരടങ്ങുന്ന T20 ടീമിന് ആരെയും വിറപ്പിക്കാൻ കഴിയും. T20 റാങ്കിംഗിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും വെസ്റ്റ് ഇൻഡീസ് ഒൻപതാമതുമാണ്.

Tags
Back to top button