സംസ്ഥാനം (State)

ജനിച്ച കുട്ടികൾ നാലും പെൺമക്കളായതിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചെന്ന പരാതിയുമായി യുവതി

കോഴിക്കോട് നടത്തിയ വനിതാ കമ്മീഷൻ മെഗാ അദാലത്തിലാണ് പരാതിയുമായി യുവതി എത്തിയത്

കോഴിക്കോട്: ജനിച്ച നാലും പെൺകുട്ടികളായതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ നിന്നും ഉപേക്ഷിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി. കോഴിക്കോട് നടത്തിയ വനിതാ കമ്മീഷൻ മെഗാ അദാലത്തിലാണ് പരാതിയുമായി യുവതി എത്തിയത്. ഇവരുടെ നാലാമത്തെ കുട്ടിക്ക് രണ്ടുമാസം മാത്രമാണ് പ്രായം.

പതിനെട്ടാം വയസിലായിരുന്നു യുവതിയുടെ വിവാഹം. മാതാവിന് അനുകൂലമായി സംസാരിച്ചതിന്റെ പേരിൽ മൂത്ത മകളെ ഭർത്താവ് ഉപദ്രവിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മാനസികരോഗിയായി ചിത്രീകരിച്ച് വിവാഹബന്ധം വേർപ്പെടുത്തുന്നതിന് ഭർത്താവും വീട്ടുകാരും പലവിധത്തിലുള്ള ശ്രമങ്ങൾ നടത്തുന്നതായും പരാതിയിൽ യുവതി ആരോപിച്ചു. അതേസമയം പരാതിക്കാരിയായ യുവതിക്ക് തുടർന്നും വീട്ടിൽ താമസിക്കാനുള്ള സാഹചര്യം നടപ്പാക്കുമെന്ന് കമ്മീഷൻ പറഞ്ഞു. സംഭവത്തിൽ ഭർത്യ വീട്ടുകാരെ വിളിച്ച് വരുത്തി വിശദീകരണം തേടാനും വനിതാ കമ്മീഷൻ തീരുമാനിച്ചു.

കാലഘട്ടത്തിനനുസരിച്ച് മനുഷ്യന്റെ മനോഭാവത്തിലും സമീപനത്തിലും മാറ്റം ഉണ്ടായാൽ മാത്രമേ ഇത്തരത്തിലുള്ള സാഹചര്യം മറികടക്കാനാകൂവെന്നും അതിനാവശ്യമായ കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും കമ്മീഷൻ അംഗം എം.എസ് താര അഭിപ്രായപ്പെട്ടു.

Tags
Back to top button