ആരോഗ്യം (Health)

ജനുവരി മുതല്‍ ടീബാഗുകളില്‍ സ്റ്റേപ്പിള്‍ പിന്നുകള്‍ ഉണ്ടാകില്ല

ന്യൂഡല്‍ഹി: അടുത്ത ജനുവരി മുതല്‍ ടീ ബാഗുകളില്‍ നിന്ന് സ്റ്റേപ്പിള്‍ പിന്നുകള്‍ ഒഴിവാക്കുമെന്നു ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി അറിയിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നു ചൂണ്ടിക്കാണിച്ചാണ് ഉത്തരവിട്ടതെന്ന് എഫ്.എസ്.എസ്.എ.ഐ സി.ഇ.ഒ പവന്‍ അഗര്‍വാള്‍ പറഞ്ഞു.

ടീബാഗുകളില്‍ സ്റ്റേപ്പിള്‍ പിന്നുകള്‍ ഉപയോഗിക്കുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. അറിയാതെ പിന്നുകള്‍ ചായയിലൂടെ ഉള്ളിലെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാകും ഉണ്ടാവുക. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.ഐ.ഐ സംഘടിപ്പിച്ച ആരോഗ്യ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018 ജനുവരി മുതല്‍ നിലവാരം ഉയര്‍ത്തി ഉത്പന്നത്തിന്റെ വിതരണം ഉണ്ടാകും. നിലവില്‍ രണ്ടുതരത്തിലുള്ള ടീബാഗുകളാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. സ്റ്റേപ്പിള്‍ പിന്‍ ചെയ്തിട്ടുള്ളതും ചരടു കൊണ്ട് കെട്ടിയതും.

ടീബാഗുകളില്‍ സ്റ്റേപ്പിള്‍ പിന്നുകള്‍ ഉപയോഗിക്കുന്നത് ഉപഭോക്താക്കള്‍ക്ക് അപകട സാദ്ധ്യത ഉണ്ടാക്കും. പിന്നുകള്‍ അശ്രദ്ധമായി ചായയിലൂടെ ഉള്ളിലെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാകും ഉണ്ടാവുക എന്ന് എഫ്.എസ്.എസ്.എ.ഐയുടെ ഓര്‍ഡറില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേപ്പിള്‍ പിന്‍ ഉപയോഗിച്ചുള്ള ടീ ബാഗുകളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പന, ഇറക്കുമതി എന്നിവ 2018 ജനുവരി മുതല്‍ നിര്‍ത്താന്‍ ഫുഡ് ബിസിനസ് ഓപ്പറേറ്റേഴ്‌സ് തീരുമാനിച്ചിട്ടുണ്ട്. റെയില്‍വെ അതോറിറ്റിയുമായി ചേര്‍ന്ന് സുരക്ഷിതമായ ഭക്ഷണ സംവിധാനത്തിന് ക്രമീകരണം ചെയ്യുമെന്നും അഗര്‍വാള്‍ പറഞ്ഞു. പുതിയ തീരുമാനം ഉടന്‍ എല്ലാവരിലും എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button