സംസ്ഥാനം (State)

പാവറട്ടിയിലെ കസ്റ്റഡി മരണത്തിൽ മൂന്ന് എക്സൈസ് ജീവനക്കാർ അറസ്റ്റിൽ

എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, അനൂപ് കുമാർ, സിവിൽ ഓഫീസർ നിധിൻ മാധവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

പാവറട്ടിയിലെ കസ്റ്റഡി മരണത്തിൽ മൂന്ന് എക്സൈസ് ജീവനക്കാർ അറസ്റ്റിൽ. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, അനൂപ് കുമാർ, സിവിൽ ഓഫീസർ നിധിൻ മാധവ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഞ്ചാവ് കേസിൽ എക്സൈസ് കസ്റ്റഡിയിലെടുത്ത മലപ്പുറം തിരൂർ സ്വദേശി രഞ്ജിത്ത് കുമാർ മരിച്ച സംഭവത്തിലാണ് നടപടി. എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. രഞ്ജിത്തിന്റെ ശരീരത്തിൽ പന്ത്രണ്ടിലധികം ക്ഷതങ്ങളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.

ഗുരുവായൂരിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവുമായാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തപ്പോഴാണ് മറ്റൊരിടത്ത് സൂക്ഷിച്ചിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ഇതോടെ ഇയാളുടെ പക്കൽ കൂടുതൽ കഞ്ചാവുണ്ടെന്ന നിഗമനത്തിലെത്തി. ഇത് കണ്ടെത്താനുള്ള ശ്രമത്തിനിടെ എക്സൈസിനെ രഞ്ജിത്ത് പല തവണ വഴിതെറ്റിച്ചു. ഇതിൽ കുപിതരായ ചില ഉദ്യോഗസ്ഥർ രഞ്ജിത്തിനെ ക്രൂരമായി മർദിച്ചതായാണ് വിവരം.

Tags
Back to top button