മലപ്പുറത്തെ ബയോഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ മരണം മൂന്നായി.

റബ്ബർ ഉത്പാദക സംഘത്തിന് കീഴിലുള്ള സ്ഥാപനത്തിലാണ് അപകടമുണ്ടായത്

മലപ്പുറം എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ മരണം മൂന്നായി. വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിലമ്പൂർ ഉപ്പട സ്വദേശി വിനോദാണ് മരിച്ചത്. രണ്ടു പേർ സംഭവ സ്ഥലത്ത്വെച്ചു തന്നെ മരിച്ചിരുന്നു.

മലപ്പുറം എടവണ്ണ പത്തപിരിയത്തെ റബ്ബർ ഉത്പാദക സംഘത്തിന് കീഴിലുള്ള സ്ഥാപനത്തിലാണ് അപകടമുണ്ടായത്. റബർ ഷീറ്റുകൾ ഉണക്കാനുപയോഗിക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസ് പ്ലാന്റിലാണ് അപകടം സംഭവിച്ചത്. അഞ്ചുപേരാണ് പ്ലാന്റ് വൃത്തിയാക്കാനുണ്ടായിരുന്നത്. ഇതിൽ രണ്ട് പേരാണ് വൃത്തിയാക്കുന്നതിനായി പ്ലാന്റിനുള്ളിൽ ഇറങ്ങിയത്.

വിഷവാതകം ശ്വസിച്ച രണ്ടുപേർ പ്ലാന്റിനുള്ളിൽവച്ചുതന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച മൂന്നാമത്തെ ആളും അപകടത്തിൽ പെടുകയായിരുന്നു. ചുങ്കത്തറ സ്വദേശി ജോമോൻ, ബിഹാർ സ്വദേശി അജയ് എന്നിവർ സംഭവ സ്ഥലത്ത് തന്നെ വെച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ നിലമ്പൂർ ഉപ്പട സ്വാദേശി വിനോദിനെ എടവണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button