ദേശീയം (National)

ഇന്ന്‍ പതിനെട്ടാമത് കാര്‍ഗില്‍ വിജയ ദിവസം; സൈനികരുടെ ത്യാഗത്തിന്‍റെയും, ധീരതയുടെയും പ്രതീകം.

ഇന്ത്യ ഇന്ന് പതിനെട്ടാമത് കാര്‍ഗില്‍ വിജയ ദിവസം ആചരിക്കുകയാണ്. 1999-ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന യുദ്ധ വിജയത്തിന്‍റെ അനുസമരണയാണ് ഈ ദിവസം.

ഇന്ത്യയ്ക്ക് ചരിത്ര വിജയം നേടിത്തന്ന ധീരസൈനികരെ ഓര്‍മ്മിക്കുന്ന അതി പ്രധാന ദിവസം. ഈ യുദ്ധത്തില്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും നിരവധി സൈനികര്‍ കൊല്ലപ്പെട്ടു.

1999 മെയ്‌ ജൂണ്‍ മാസങ്ങളില്‍ കശ്മീരിലെ കാര്‍ഗില്‍ ജില്ലയിലും നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലുമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ ഈ ചരിത്ര യുദ്ധം നടന്നത്‌.

60 ദിവസത്തോളം നീണ്ടു നിന്ന ഈ യുദ്ധം അവസാനിച്ചത് ജൂലൈ 26 ന് ആണ്.. എല്ലാ വര്‍ഷവും ജൂലൈ 26 ന് നമ്മള്‍ വിജയ ദിവസമായി ആചരിക്കുന്നു. നമ്മുടെ സൈനികരുടെ ത്യാഗത്തിന്‍റെയും, ധീരതയുടെയും പ്രതീകമാണ് ഈ വിജയം.

 എല്ലാ ശൈത്യകാലത്തും അതിര്‍ത്തി രേഖയ്ക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള അതിര്‍ത്തി പോസ്റ്റുകളില്‍ നിന്ന് കാവല്‍ സൈനികര്‍ മാറി നില്‍ക്കാറുണ്ട്.
വീണ്ടും വസന്തകാലം വരുമ്പോഴേക്കും ഇരുപക്ഷവും സ്വന്തം പോസ്റ്റുകളില്‍ തിരികെ എത്തുകയും ചെയ്യും.

എന്നാല്‍, 1999-ല്‍ പതിവിലും നേരത്തെ മടങ്ങിയെത്തിയ പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തിന്‍റെ അഭാവം മുതലെടുത്ത്‌ കശ്മീര്‍ ഭീകരരുടെയും അഫ്ഗാന്‍ കൂലിപ്പടയാളികളുടെയും സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകള്‍ പിടിച്ചടക്കി ശ്രീനഗറിലേ ദേശീയ പാത നിയന്ത്രണത്തിലാക്കി.

ഇന്ത്യന്‍ പോസ്റ്റുകള്‍ പിടിച്ച വിവരം ഒരു ആട്ടിടയനാണ് സൈന്യത്തെ അറിയിച്ചത്.

തുടര്‍ന്ന് മെയ് എട്ട് മുതല്‍ ജൂലൈ 26ന് അവസാന നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിക്കുന്നത് വരെ നടന്ന സായുധ പോരാട്ടമാണ് കാര്‍ഗില്‍ യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്.

കാര്‍ഗില്‍ യുദ്ധ സ്മാരകം ദ്രാസ് സെക്ടറിലാണ് സ്ഥിതിചെയ്യുന്നത്. ഈ സ്മാരകത്തില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച എല്ലാ സൈനികരുടെയും പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Tags
Back to top button