ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്.

രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനം വ്യക്തമാക്കും

ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ നിർണായക വിധി ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനം വ്യക്തമാക്കും.

അൻപത്തിയാറ് പുനഃപരിശോധനാ ഹർജികൾ അടക്കം അറുപത് ഹർജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് പുറമെ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്.

ക്ഷേത്രം തന്ത്രി, എൻ.എസ്.എസ് തുടങ്ങിയവർ സമർപ്പിച്ച രേഖകളിലും വാദത്തിലും കഴമ്പുണ്ടെങ്കിൽ പുനഃപരിശോധനയ്ക്ക് തീരുമാനിക്കാം. അങ്ങനെയെങ്കിൽ സംസ്ഥാനസർക്കാർ, തിരുവിതാംകൂർ ദേവസ്വംബോർഡ് തുടങ്ങിയവർക്ക് നോട്ടിസ് അയച്ച് വിശദമായ വാദം കേൾക്കും. പുതിയ തെളിവില്ല, വിധിയിൽ പിഴവില്ല എന്നാണ് നിലപാടെങ്കിൽ മുഴുവൻ പുനഃപരിശോധനാ ഹർജികളും തളളും. വിശാല ബെഞ്ചിന് വിടാനുള്ള സാധ്യതയും നിയമവിദഗ്ധർ തള്ളിക്കളയുന്നില്ല.

അയോധ്യാവിധിയിൽ വിശ്വാസത്തെയും പ്രതിഷ്ഠയുടെ നിയമപരമായ അവകാശത്തെയും അംഗീകരിച്ച രഞ്ജൻ ഗൊഗോയ് ശബരിമല വിഷയത്തിൽ എന്ത് നിലപാട് എടുക്കുമെന്നത് നിർണായകമാണ്. പുനഃപരിശോധിക്കാനാണ് തീരുമാനമെങ്കിൽ വിധി സ്റ്റേ ചെയ്യുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

Back to top button