ഹ്രസ്വദൂര യാത്രകൾ ചെയ്യുന്നവരെ ലക്ഷ്യമിട്ട് രണ്ട്പേർക്ക് മാത്രം യാത്ര ചെയ്യാവുന്ന ഇലക്ട്രിക് കാറുമായി ടൊയോട്ട

നഗര യാത്രകൾക്കനുയോജ്യമായി പ്രത്യേകം രൂപകൽപന ചെയ്ത മോഡലാണിത്

ഹ്രസ്വദൂര യാത്രകൾ ചെയ്യുന്നവരെ ലക്ഷ്യമിട്ട് രണ്ട്പേർക്ക് മാത്രം യാത്ര ചെയ്യാവുന്ന ‘കുഞ്ഞൻ’ ഇലക്ട്രിക് കാറുമായി ടൊയോട്ട. ടോക്യോ മോട്ടോർ ഷോയിലാണ് പുതിയ അൾട്രാ കോംപാക്ട് ടൂ സീറ്റർ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (ബി.ഇ.വി) ടൊയോട്ട പ്രദർശിപ്പിക്കുക.

നഗര യാത്രകൾക്കനുയോജ്യമായി പ്രത്യേകം രൂപകൽപന ചെയ്ത മോഡലാണിത്. അടുത്ത വർഷത്തോടെ ഈ കുഞ്ഞൻ കാർ ജാപ്പനീസ് നിരത്തുകളിലേക്കെത്തും. ഒറ്റ ചാർജിൽ (അഞ്ച് മണിക്കൂർ) 100 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കും. മണിക്കൂറിൽ 60 കിലോമീറ്ററാണ് പരമാവധി വേഗത.

എൽ.ഇ.ഡി ഹെഡ്ലാമ്പ്, ടേൺ ഇൻഡികേറ്ററോടെയുള്ള റിയർവ്യൂ മീറ്റർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിങ്ങനെ നീളും ചെറു ഇലക്ട്രിക് കാറിന്റെ പ്രത്യേകതകൾ. ഹെഡ്ലാമ്പുകൾക്ക് നടുവിലായാണ് ചാർജിങ് പോർട്ട്. 2490 എം.എം നീളവും 1290 എം.എം വീതിയും 1560 എം.എം ഉയരവും മാത്രമാണ് വാഹനത്തിനുള്ളത്. ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വർധിപ്പിക്കുന്നതിന് ഈ കുഞ്ഞൻ കാറിലൂടെയാകുമെന്ന പ്രതീക്ഷയിലാണ് ടൊയോട്ട. അതേസമയം വാഹനത്തിന്റെ ബാറ്ററിയെക്കുറിച്ചോ മോട്ടോറിനെക്കുറിച്ചോ കമ്പനി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Back to top button