ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തുടരുമെന്ന് തുഷാർ വെള്ളാപ്പള്ളി

ബി.ഡി.ജെ.എസിന്റെ ഇടത് പ്രവേശന വാർത്ത മാധ്യമസൃഷ്ടിയാണെന്നും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു.

ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തന്നെ തുടരുമെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസിന്റെ ഇടത് പ്രവേശന വാർത്ത മാധ്യമസൃഷ്ടിയാണെന്നും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. അതേസമയം ബി.ഡി.ജെ.എസ് എൻ.ഡി.എ വിട്ടാൽ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

എൻ.ഡി.എ.യുടെ ഭാഗമായപ്പോൾ ബി.ജെ.പി നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ഡി.ജെ.എസ് പ്രധാനമായും മത്സരത്തിൽ നിന്ന് വിട്ടുനിന്നത്. പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുമറിച്ചു എന്ന ആരോപണം കൂടി ശക്തമായതോടെ ബി.ജെ.പി-ബി.ഡി.ജെ.എസ് ബന്ധത്തിൽ വിള്ളൽ വീഴുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ഡി.ജെ.എസ് എൻ.ഡി.എ വിടുന്നുവെന്ന വാർത്ത പുറത്തുവന്നത്. എന്നാൽ ഈ വാർത്ത ശരിയല്ലെന്ന് കോന്നിയിൽ എൻ.ഡി.എ പ്രചാരണത്തിന് എത്തിയ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

പാലായിൽ വോട്ടുമറിക്കൽ ഉണ്ടായിട്ടില്ലെന്നും വേണമെങ്കിൽ ഇതിന്റെ കണക്കുകൾ പരിശോധിക്കാമെന്നും തുഷാർ പ്രതികരിച്ചു. ബി.ഡി.ജെ.എസ്, എൻ.ഡി.എ വിട്ടാൽ സ്വാഗതാർഹമെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

advt
Back to top button