സിറിയയിലെ എണ്ണപ്പാടങ്ങൾ സംരക്ഷിക്കുന്നതിനായി കൂടുതൽ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി അമേരിക്ക.

എണ്ണപ്പാടങ്ങൾ വഴിയുള്ള വരുമാനം ഉപയോഗിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്ന് ഐ.എസ് ഭീകരരെ തടയുക എന്നതാണ് ലക്ഷ്യം

കിഴക്കൻ സിറിയയിലെ എണ്ണപ്പാടങ്ങൾ സംരക്ഷിക്കുന്നതിനായി കൂടുതൽ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി അമേരിക്ക. എണ്ണപ്പാടങ്ങൾ വഴിയുള്ള വരുമാനം ഉപയോഗിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്ന് ഐ.എസ് ഭീകരരെ തടയുക എന്നതാണ് ലക്ഷ്യം. അമേരിക്കയുടെ പ്രതിരോധമേധാവിയാണ് ഇക്കാര്യം അറിയിച്ചത്.

സൈന്യത്തെ പിൻവലിക്കുമ്പോഴും എണ്ണപ്പാടങ്ങൾ സുരക്ഷിതമാക്കുമെന്ന് മുൻപ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എണ്ണപ്പാടങ്ങളുടെ സംരക്ഷണത്തിനായി കുറച്ചു സൈനികർ സിറിയയിൽ തുടരുമെന്നാണ് മുൻപ് അമേരിക്ക നിലപാടെടുത്തിരുന്നതെങ്കിൽ ടാങ്കുകളും മറ്റ് വലിയ സൈനിക സംവിധാനങ്ങളുൾപ്പെടെ കൂടുതൽ സൈന്യത്തെ വിന്യസിക്കാനാണ് പുതിയ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ.

പുതിയ നീക്കത്തിന് കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെ സഹകരണവുമുണ്ടെന്നും പ്രതിരോധ മേധാവി പറഞ്ഞു. സിറിയയിൽ സൈന്യത്തെ വീണ്ടും വിന്യസിക്കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി പെന്റഗൺ തലവൻ മാർക്ക് എസ്പർ അറിയിച്ചിരുന്നു. അഫ്ഗാൻ സന്ദർശനത്തിനിടെയായിരുന്നു എസ്പറിന്റെ പ്രതികരണം.

Back to top button