ദിലീപിനെതിരെ വനിതാ കമ്മീഷൻ രംഗത്ത്.

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ദിലീപിനെതിരെ വനിതാ കമ്മീഷൻ രംഗത്ത്.

നടിയും പൾസര്‍ സുനിയും സുഹൃത്തുക്കളാണെന്ന ദിലീപിന്‍റെ പരാമര്‍ശം നിഗൂഢമാണെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു.

ഈ പരാമര്‍ശം നടിയെ ആക്രമിക്കുന്നതിന് തുല്യമാണെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി. ദിലീപും സലീം കുമാറും എന്ത് മനസിലാക്കിയിട്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്നും അവര്‍ ചോദിച്ചു.

പുതുതായി രൂപം കൊണ്ട സിനിമയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇൻ സിനിമാ കളക്ടീവ് അമ്മയുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കരുതെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.

നടിയുടെ പേര് വ്യക്തമാക്കി പരാമര്‍ശിച്ചവര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്നും ഇക്കാര്യത്തിൽ അവരാരാണെന്ന് പോലും പരിഗണിക്കാൻ പാടില്ലെന്നും ജോസഫൈൻ പറഞ്ഞു.

ഇത്തരം പരാമര്‍ശങ്ങൾ തികച്ചും അപലപനീയമാണ്. യാതൊരു സത്യസന്ധതയും സാമൂഹ്യ ധാരണയും ഇല്ലാതെയാണ് ദിലീപ് പരാമര്‍ശം നടത്തിയിരിക്കുന്നതെന്നും കേസിന്‍റെ നിര്‍ണായ ഘട്ടത്തില്‍ തന്നെ ഇത്തരത്തില്‍ നടിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയുന്നതിന് പിന്നിൽ നിഗൂഢതയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

നിലവിൽ നടക്കുന്ന കേസ് മുന്നോട്ടു കൊണ്ടുപോകുകയാണ് ആ നടൻ ചെയ്യേണ്ടത്.

അല്ലാതെ നടിയുടെ ഭൂതകാലം ചികയുക അല്ല വേണ്ടതെന്നും ജോസഫൈൻ പറഞ്ഞു.

ഇക്കാര്യത്തില്‍ സ്വാര്‍ഥ താല്‍പ്പര്യങ്ങളുണ്ടെന്നും ഇരയോടൊപ്പം നില്‍ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന നെറികെട്ട സമീപനമാണ് ഉന്നത സിനിമാ നടന്‍മാരുൾപ്പെടെ ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വനിതാ കമ്മീഷന്‍ വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഉറപ്പായും ഇടപെടുമെന്നും ജോസഫൈന്‍ അറിയിച്ചു.

Back to top button