കുറ്റകൃത്യം (Crime)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും അക്രമം

കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ കമ്പ്യൂട്ടർ ലാബിന്റെ ജനാലകൾ അക്രമി സംഘം അടിച്ചു തകർത്തു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും അക്രമം. കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ കമ്പ്യൂട്ടർ ലാബിന്റെ ജനാലകൾ അക്രമി സംഘം അടിച്ചു തകർത്തു. അച്ചടക്ക സമിതി അംഗമായ ഗണിതവിഭാഗം മേധാവിയുടെ ബൈക്കും വിദ്യാർത്ഥികൾ നശിപ്പിച്ചു. സെമസ്റ്റർ പരീക്ഷയ്ക്ക് ശേഷം മടങ്ങിയ പെൺക്കുട്ടികളെ അക്രമി സംഘം വിരട്ടിയോട്ടിക്കുകയും അധ്യാപകരോട് തട്ടിക്കയറുകയും ചെയ്തുവെന്നും പരാതിയുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സംഘമായെത്തിയ വിദ്യാർത്ഥികൾ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ കമ്പ്യൂട്ടർ ലാബിന്റെ നാല് ജനൽ ചില്ലുകൾ അടിച്ചുതകർത്തു. പിന്നാലെ ഡിപ്പാർട്ട്മെന്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഗണിതവിഭാഗം മേധാവിയും അച്ചടക്കസമിതി അംഗവുമായ ബാബുവിന്റെ ബൈക്ക് തല്ലിതകർത്തു. അധ്യാപകർ നോക്കി നിൽക്കുമ്പോഴായിരുന്നു അക്രമം. കോളേജിന് മുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ കോളേജിൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല. ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികളെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചു മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്നും പ്രിൻസിപ്പൽ നിർദേശിച്ചിരുന്നു. എന്നാൽ, ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നാണു വിവരം.

സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മേധാവിയായ സോമശഖരൻ പിള്ളയാണ് കോളേജിലെ അച്ചടക്കസമിതിയുടെ തലവൻ. കഴിഞ്ഞ ദിവസം കോളേജിൽ നടന്ന സംഘർഷങ്ങളെക്കുറിച്ച് വിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തിൽ അച്ചടക്കസമിതിയിൽ നിന്നും പ്രിൻസിപ്പൽ റിപ്പോർട്ട് ചോദിച്ചിരുന്നു. എസ്.എഫ്.ഐയ്ക്ക് എതിരായ റിപ്പോർട്ടാണ് അച്ചടക്കസമിതി നൽകിയത്. കൂടാതെ കോളേജിലെ എസ്.എഫ്.ഐ യൂണിയൻ റൂം അടുത്തിടെ പിടിച്ചെടുത്ത് നവീകരിച്ച് സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിന് നൽകുയും ചെയ്തിരുന്നു. ഇതൊക്കെയാകാം പ്രകോപന കാരണമെന്നാണ് ആരോപണം.

Tags
Back to top button