സംസ്ഥാനം (State)

മിച്ചഭൂമി വില്‍ക്കാന്‍ സഹായിച്ച ഡെ. കളക്ടര്‍ക്ക് സസ്പെന്‍ഷന്‍

ഡെ. കളക്ടര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: മിച്ചഭൂമി സ്വകാര്യഭൂമിയാക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വയനാട് ഡെപ്യൂട്ടി കളക്ടര്‍ ടി. സോമനാഥനെ സസ്‍പെന്‍ഡ്‍ ചെയ്‍തു. വയനാട് കോട്ടത്തറ വില്ലേജിലെ 4.5 ഏക്കര്‍ ഭൂമിയാണ് സ്വകാര്യഭൂമിയാക്കുന്നതിന് ഇയാള്‍ കൈക്കൂലി വാങ്ങിയതെന്ന് ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ വ്യക്തമായി. ദൃശ്യങ്ങള്‍ ഇന്നലെ വാര്‍ത്താചാനല്‍ സംപ്രേഷണം ചെയ്‍തു.

റവന്യൂമന്ത്രി വിഷയത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അന്വേഷണം നടത്തും. സിപിഐ വയനാട് ജില്ലാ സെക്രട്ടറിക്കും സ്ഥലം ഇടപാടില്‍ പങ്കുള്ളതായി വാര്‍ത്താ ചാനല്‍ അന്വേഷണത്തില്‍ വിശദീകരിച്ചിരുന്നു.

സിപിഐക്കാരനായ റവന്യൂ മന്ത്രി, ഒളിക്യാമറ ഓപ്പറേഷനെയും വിമര്‍ശിച്ചു.

“വാര്‍ത്തകള്‍ക്കായി ഉദ്യോഗസ്ഥരെക്കൊണ്ട് അഴിമതി ചെയ്യിപ്പിക്കുന്ന രീതിയിലുള്ള മാധ്യമ പ്രവര്‍ത്തനം നിയന്ത്രിക്കണം. ഇക്കാര്യവും അന്വേഷണ പരിധിയില്‍വരും” ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

തിങ്കളാഴ്‍ച്ചയാണ് ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സിപിഐ നേതാക്കളെയും റവന്യൂ ഉദ്യോഗസ്ഥരെയും ബിസിനസുകാരെന്ന പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ കണ്ടു. കോട്ടത്തറ വില്ലേജില്‍ റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ 19.5 ഏക്കര്‍ സ്ഥലം വേണമെന്നും ഇതില്‍ 4.5 ഏക്കര്‍ മിച്ചഭൂമിയും ഉള്‍പ്പെടുന്നുണ്ടെന്നും അറിയിച്ചു. ഇത് സ്വകാര്യഭൂമിയാക്കണമെന്ന ആവശ്യം അനുസരിച്ചാണ് ടി. സോമനാഥനെ സമീപിച്ചത്.

ബിസിനസില്‍ ഇടനിലക്കാരനായ കുഞ്ഞു മുഹമ്മദ് ദൃശ്യങ്ങളില്‍ കൈക്കൂലി ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി 20 ലക്ഷം രൂപയാണ് ഇയാള്‍ ക്യാമറയില്‍ ആവശ്യപ്പെട്ടത്. സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഡെപ്യൂട്ടി കളക്ടറോട് സംസാരിക്കാം എന്ന് ദൃശ്യങ്ങളില്‍ പറയുന്നുണ്ട്.

വയനാട് ജില്ല കളക്ടര്‍ എസ് സുഹാസ്, ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. ഡെപ്യൂട്ടി കളക്ടറുടെ ഓഫീസും മാനന്തവാടി ലാന്‍ഡ് ബോര്‍ഡും സീല്‍ ചെയ്‍തിട്ടുണ്ട്. മാനന്തവാടി സബ് കളക്ടര്‍ എന്‍എസ്കെ ഉമേഷ് വകുപ്പുതല അന്വേഷണം നടത്തും. വൈത്തിരി തഹ്‍സില്‍ദാര്‍, കോട്ടത്തറ വില്ലേജ് ഓഫീസര്‍ എന്നിവരുടെ മൊഴികളും കളക്ടര്‍ രേഖപ്പെടുത്തി.

സിപിഐ പാര്‍ട്ടിയെയും സര്‍ക്കാരിനെയും കരിവാരിത്തേക്കാനുള്ള ശ്രമമാണ് വാര്‍ത്തയെന്നാണ് വിജയന്‍ ചെറുകര പ്രതികരിച്ചത്. വാര്‍ത്തയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിജയന്‍ പറഞ്ഞു.

“ഫെബ്രുവരി 28നാണ് ഒരു സംഘം വീട്ടിലെത്തിയത്. വയനാട്ടില്‍ ഒരു ടൂറിസം പ്രോജക്റ്റ് തുടങ്ങാനാണെന്നാണ് അവര്‍ പറഞ്ഞത്. അതില്‍ മാധ്യമപ്രവര്‍ത്തകനെ അപ്പോള്‍ തന്നെ എനിക്ക് മനസിലായി. എനിക്ക് പണം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടില്‍ നിന്നും പോകാന്‍ ആവശ്യപ്പെടുകയായിരുന്നു” വയനാട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിജയൻ ചെറുകര പറഞ്ഞു.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു