കുറ്റകൃത്യം (Crime)

മരുമകളോടുള്ള ദേഷ്യം തീർക്കാൻ രണ്ടു വയസ്സുള്ള പേരക്കുട്ടിയെ ആറാം നിലയിൽ നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി

മരുമകളെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടി പേരക്കുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നുവെന്ന് ഇവർ വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.

മുംബൈ: മരുമകളോടുള്ള ദേഷ്യം തീർക്കാൻ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുള്ള പേരക്കുട്ടിയെ ആറാം നിലയിൽ നിന്നും താഴേക്കെറിഞ്ഞ് മുത്തശ്ശി കൊലപ്പെടുത്തി.

അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരാണ് പുലർച്ചെ രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം അപ്പാർട്ട്മെന്റിന് പരിസരത്തു നിന്നും കണ്ടെത്തിയത്. വീഴ്ചയിൽ തലയിടിച്ചാണ് കുട്ടിയുടെ മരണം. റുക്സാന ഉബൈദുള്ള അൻസാരിയെന്ന മുത്തശ്ശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനലിലൂടെ കുട്ടി അബദ്ധത്തിൽ പുറത്തേയ്ക്ക് വീണതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ സ്പോർട്ടിൽ നിന്നും ലഭിച്ച ചിലതെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണന്നും പ്രതി മുത്തശ്ശിയാണെന്നും തെളിഞ്ഞത്.

കുട്ടിയുടെ മൃതദേഹം ലഭിച്ച ഭാഗത്തെ ഫ്ലാറ്റിന്റെ ജനൽ അടച്ചിട്ട നിലയിൽ കണ്ടത്തിയതാണ് സംശയത്തിനിടയാക്കിയത്. വീടിന്റെ പ്രധാന വാതിലും തുറന്നിട്ടുണ്ടായിരുന്നില്ല. അടച്ചിട്ട ജനലിലൂടെ കുട്ടിയെങ്ങനെ പുറത്തേയ്ക്ക് വീണു എന്ന സംശയമാണ് കൊലപാതകത്തിന്റെ സൂചന നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മുത്തശ്ശിയാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലിനിടെ ഓരോ തവണയും കാര്യങ്ങൾ മാറ്റിപ്പറഞ്ഞ അവരെ പ്രത്യേകം ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മരിച്ച കുട്ടിയുടെ പിതാവിന്റെ രണ്ടാനമ്മയാണ് റുക്സാന. കുട്ടിയുടെ അമ്മയുമായി ഇവർ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. മരുമകളെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് പേരക്കുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് എറിഞ്ഞതെന്നും, എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് കുട്ടിയെ താഴേയ്ക്ക് എറിയുകയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.

Tags
Back to top button