ദേശീയം (National)

ദില്ലി ബസുകളിൽ സ്ത്രീകൾക്ക് ഇനി ടിക്കറ്റില്ലാതെ സഞ്ചരിക്കാം

പദ്ധതിക്ക് ഒക്ടോബർ 29 മുതൽ തുടക്കമാകും. സർക്കാർ ബസുകളിലും ക്ലസ്റ്റർ ബസുകളിലും സ്ത്രീകൾക്ക് ഒക്ടോബർ 29 മുതൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാം.

ദില്ലി: രാജ്യതലസ്ഥാനത്തെ സർക്കാർ ബസുകളിൽ സ്ത്രീകൾക്കായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിക്ക് ഡി.ടി.സി ബോർഡ് യോഗം അംഗീകാരം നൽകി. കോർപറേഷൻ ചെയർമാൻ കൂടിയായ സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി.ടി.സി ബോർഡ് യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

പദ്ധതിക്ക് ഒക്ടോബർ 29 മുതൽ തുടക്കമാകും. സർക്കാർ ബസുകളിലും ക്ലസ്റ്റർ ബസുകളിലും സ്ത്രീകൾക്ക് ഒക്ടോബർ 29 മുതൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാം.

രക്ഷാബന്ധൻ ദിനത്തിൽ വനിതകൾക്ക് ഒരു സമ്മാനമുണ്ട് എന്ന് പറഞ്ഞായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. 700 കോടി രൂപയാണ് പദ്ധതിയുടെ ചെലവെന്നും ഈ ചെലവ് ദില്ലി സർക്കാർ വഹിക്കുമെന്നും സ്വാതന്ത്യദിനാഘോഷ ചടങ്ങിലും കെജ്രിവാൾ പറഞ്ഞിരുന്നു. ഭായ് ദുജ് ആഘോഷിക്കുന്ന ഒക്ടോബർ 29നു പദ്ധതി പ്രാബല്യത്തിലെത്തുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം.

ദില്ലിയിലെ പൊതുഗതാഗതസംവിധാനം സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ ജൂണിലാണ് സർക്കാർ ബസുകളിലും ദില്ലി മെട്രോയിലും സ്ത്രീകൾക്ക് സൗജന്യയാത്ര കെജ്രിവാൾ ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യപങ്കാളിത്തമുള്ള ദില്ലി മെട്രോയിൽ കേന്ദ്രത്തിന്റെ എതിർപ്പിനെത്തുടർന്ന് സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന പ്രഖ്യാപനം നടപ്പാക്കാനായില്ല. പിന്നീട് രാജ്യതലസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ വനിതകൾക്കു സൗജന്യ യാത്ര അനുവദിക്കാൻ ഓഗസ്റ്റ് 29നു ചേർന്ന ദില്ലി മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.

ഡി ടി സി, ക്ലസ്റ്റർ ബസ്സുകളിൽ സൗജന്യമായി യാത്ര ചെയ്യുന്ന വനിതകൾക്ക് പ്രത്യേകമായി തയാറാക്കിയ പിങ്ക് നിറത്തിലുള്ള ടിക്കറ്റാവും നൽകുക. ഇത്തരത്തിൽ വിതരണം ചെയ്യുന്ന ടിക്കറ്റൊന്നിന് 10 രൂപ വീതം മൂല്യം കണക്കാക്കിയാണ് ഈയിനത്തിൽ ഡി ടി സിക്കും ക്ലസ്റ്റർ ബസിനുമുള്ള ധനസഹായം അനുവദിക്കുക. ഈ പ്രത്യേക യാത്രാ ടിക്കറ്റുകളുടെ അച്ചടി ഉടൻ തുടങ്ങും.

Tags
Back to top button