വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങി വനിതാ കമ്മീഷൻ.

വയനാട് എസ്.പിയോട് പത്തുദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു.

വയനാട്: എസ്.പി ഓഫീസിൽ വച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വനിതാ കമ്മീഷൻ. വയനാട് എസ്.പിയോട് പത്തുദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു.

വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ സൈബർസെല്ലിന്റെ ഭാഗമായി പ്രവർത്തിക്കവേ സഹപ്രവർത്തകരോട് സംസാരിച്ചതിന് ഓഫീസിലെ അഡ്മിനിസ്ട്രേഷൻ വിഭാഗം ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിലുള്ളത്.

സംഭവത്തെക്കുറിച്ച് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോൾ ഇതേ ഉദ്യോഗസ്ഥൻ ഇടപെട്ട് തന്നെ സ്ഥലംമാറ്റിയെന്നും പരാതിയിലുണ്ട്. ഇപ്പോൾ വനിതാ സെല്ലിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയുടെ പരാതിയെതുടർന്ന് കഴിഞ്ഞദിവസം കളക്ടറേറ്റിൽ നടന്ന വനിതാ കമ്മീഷൻ പരാതി പരിഹാര അദാലത്തിൽ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി.

പരാതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ പരാതി വളരെ ഗൗരവമുള്ളതാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടിയെടുക്കുമെന്നും അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.

Back to top button