മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം പൊതു താൽപര്യ ഹർജി തള്ളി.

മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം പൊതു താൽപര്യ ഹർജി തള്ളി

കൊച്ചി: മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജി തള്ളി. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്നത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലിം പള്ളികളിലും സ്ത്രീ പ്രവേശനം വേണമെന്ന വാദം ശക്തമായത്. സുന്നി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സ്ത്രീ സംഘടനകൾ തന്നെ രംഗത്ത് വന്നിരുന്നു.

അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്തത്രേയ സായ് സ്വരൂപയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സുപ്രീം കോടതിയിൽ സമാന ആവശ്യം ഉന്നയിച്ച് മുസ്ലിം സ്ത്രീ സംഘടനകൾ ഹർജി നൽകിയിട്ടുണ്ടെന്ന് ചൂണ്ടി കാണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് മുസ്ലിം സംഘടനയായ നിസ ഇന്നലെ പ്രതികരിച്ചിരുന്നു.

എന്നാൽ, പാലിച്ചു വരുന്ന ആചാരങ്ങൾ മാറ്റാനാവില്ലെന്ന് ഇ.കെ.വിഭാഗം അറിയിച്ചു. കൂടാതെ എ.പി സുന്നി വിഭാഗം സ്ത്രീ പ്രവേശന വിഷയത്തോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾ നേരത്തെ തന്നെ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനം നൽകുന്നുണ്ട്. എന്നാൽ, വിഷയത്തിൽ പ്രതികരിക്കാൻ സമയമായിട്ടില്ലെന്ന് എ.പി.സുന്നി വിഭാഗം നേതാവ് കാന്തപുരം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി കെ.ടി.ജലീൽ എന്നിവർ മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുന്നിപള്ളികളിൽ സ്ത്രീ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ചേകന്നൂർ മൗലവി നേതൃത്വം നൽകിയ ഖുർആൻ സുന്നത്ത് സൊസൈറ്റിയും രംഗത്ത് വന്നിട്ടുണ്ട്.

Back to top button