നടിക്ക് പിന്തുണയുമായി വിമൻ ഇൻ സിനിമ കലക്ടീവ്.

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ പുതിയ വനിതാ സാന്നിധ്യമായ വിമൻ ഇൻ സിനിമ കലക്ടീവ്.

കഴിഞ്ഞ കുറെ ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട കേസിൽ വിവാദങ്ങളും നിർണായകമായ വഴിത്തരിരിവുകളും ഇതുമായി ബന്ധപ്പെട്ട് നടിയെ അപമാനിക്കാനിക്കാനുള്ള ശ്രമങ്ങളും ഉണ്ടായപ്പോൾ സംഘടന പ്രതികരിച്ചില്ല എന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്ന സാഹചര്യത്തിലാണ് നടിയെ പിന്തുണച്ച് സംഘടന രംഗത്തെത്തിയത്.

‘കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യൻ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്.

ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമൺ ഇൻ സിനിമാ കലക്ടീവ് അപലപിക്കുന്നു.

ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവർത്തകർ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് ദയവായി വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെടുന്നു’ എന്നാണ് വുമൻ ഇൻ സിനിമ കലക്ടീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

അതേസമയം, നടിക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയ നടൻ ദിലീപ്, സലീംകുമാർ നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ച അജു വർഗീസ് എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് നടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ചില ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്.

ഈ സന്ദർഭത്തിൽ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തിൽ ഉണ്ടായ അഭിപ്രായ പ്രകടനങ്ങൾ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്.

2013-ലെ വർമ്മ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ അവർക്ക് നേരെയുണ്ടായ അതികമത്തെ റദ്ദാക്കുന്ന തരത്തിൽ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല.

കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യൻ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്.

അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയിൽ നിർത്തുന്നത് മാപ്പ് അർഹിക്കുന്ന പ്രവർത്തിയുമല്ല.

ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമൺ ഇൻ സിനിമാ കലക്ടീവ് അപലപിക്കുന്നു.

ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവർത്തകർ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് ദയവായി വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെടുന്നു.

Back to top button