ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ ഇന്ത്യക്കാരൻ; എട്ടുവയസ്സുകാരൻ കൊന്നത് മൂന്ന് കുഞ്ഞുങ്ങളെ

കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കും പിന്നെ ഇഷ്ടിക കൊണ്ട് മുഖം അടിച്ചു തകർക്കും, ഇതാണ് അവന്റെ കൊലപാതക രീതി .

ബീഹാറിലെ ഭഗവൻപൂർ പൊലീസ് സ്റ്റേഷനിലേക്ക് നാട്ടുകാർ ഒരു കൊലപാതകത്തിന്റെ കാര്യം പറഞ്ഞ് വിളിച്ചപ്പോൾ പോലീസുകാർക്ക് ആദ്യം വല്യ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല, പക്ഷെ പ്രതിയെ കൈമാറാനാണവർ വിളിക്കുന്നതെന്ന് കേട്ടപ്പോൾ അവർ ഓടിച്ചെന്നു. പ്രതിയാണെന്നു പറഞ്ഞ് ഒരു എട്ടുവയസ്സുകാരനെ ഗ്രാമവാസികൾ കൈമാറിയപ്പോൾ ആദ്യം പൊലീസുകാർക്ക് ദേഷ്യമാണ് വന്നത്, പിന്നീടവരുടെ വിവരണം കേട്ടപ്പോൾ അമ്പരപ്പും. ഒടുവിൽ കൃത്യം നടന്ന സ്ഥലവും, അതിന്റെ രീതികളും ഒരു മടിയും കൂടാതെ ‘കൊലപാതകി’ വിവരിച്ചപ്പോൾ ഗ്രാമവാസികളുടെ ഭീതി അവരിലേക്കും പടർന്നു.

ആ ഗ്രാമത്തിലെ ചുൻചുൻ ദേവി എന്ന സ്ത്രീ തന്റെ ആറുമാസം പ്രായമുള്ള മകൾ ഖുശ്ബുവിനെ അവിടത്തെ പ്രൈമറി സ്കൂളിൽ ഉറക്കിക്കിടത്തിയാണ് വീട്ടിലെ ജോലികൾ തീർക്കാൻ പോകുന്നത്. തിരികെ വന്നപ്പോൾ ഖുശ്ബു അവിടില്ല, അന്വേഷിച്ചപ്പോൾ ആരും കണ്ടിട്ടില്ല. ഖുശ്ബു അപ്പോഴേക്കും ആ എട്ട് വയസ്സുകാരന്റെ കൈകൾകൊണ്ട് മരിച്ചിരുന്നു.

ബീഹാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ തികച്ചും സാധാരണ കുടുംബത്തിൽ ജനനം. ആദ്യ കൊലപാതകം എഴാമത്തെ വയസ്സിൽ, ഒരു വയസ്സുള്ള സ്വന്തം സഹോദരിയിൽ തുടങ്ങി. അടുത്ത കൊലപാതകവും കുടുംബത്തിൽ തന്നെ. വകയിൽ ഒരു അമ്മാവന്റെ കുഞ്ഞിനെ. ആ കുഞ്ഞിനും ഒരു വയസ്സിൽ താഴെ മാത്രം പ്രായം.

അമ്മയുടെ മടിയിൽക്കിടന്നിരുന്ന കുഞ്ഞിനെ അമർദീപ് എടുത്തുകൊണ്ട് പോയപ്പോൾ ആദ്യമാരും സംശയിച്ചില്ല, അവന്റെ സ്വന്തം ചോരയല്ലേ. പക്ഷെ കുഞ്ഞുമായി വയലിലേക്ക് പോയ അമർദീപ് വെറും കയ്യോടെ തിരിച്ചുവന്നപ്പോൾ വീട്ടുകാർ ചോദിച്ചു ‘കുഞ്ഞെവിടെ?’.

അവരെ കൂട്ടിക്കൊണ്ടുപോയി പുല്ലും കരിയിലകളും കൊണ്ട് മൂടിവച്ചിരുന്ന കുഞ്ഞിന്റെ ജഡമാണ് കാണിച്ച് കൊടുത്തത്. രണ്ട് കൊലപാതകങ്ങളും ഇങ്ങിനെതന്നെ, കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കും പിന്നെ ഇഷ്ടിക കൊണ്ട് മുഖം അടിച്ചു തകർക്കും.

“മറ്റുള്ളവരുടെ വേദന കാണുന്നത് അവന് ഒരു വിനോദമാണ്” അറസ്റ്റിലായ ശേഷം അവനെ നോക്കിയ ഡോക്ടർ പറഞ്ഞ വാക്കുകളാണ്. “നേരത്തെ തന്നെ അവനെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ബാക്കിയുള്ള കൊലകളെങ്കിലും ഒഴിവാക്കാൻ കഴിയുമായിരുന്നു”

കുടുംബത്തിൽ നടന്ന കൊലപാതകമെന്ന പേരിൽ അമർദീപിന്റെ ബന്ധുക്കൾ ആ രണ്ട് മരണങ്ങളും ആരെയും അറിയിക്കാതെ മൂടിവെക്കുകയായിരുന്നു, അവനെ നഷ്ടമാകാതിരിക്കാൻ. പക്ഷെ അവന്റെയുള്ളിലെ അക്രമ വാസന അധികകാലം അടങ്ങിയിരിക്കില്ലല്ലോ. അവരുടെ അയൽക്കാർക്കും ചില ഗ്രാമവാസികൾക്കും അവനെക്കുറിച്ച് ചെറുതല്ലാത്ത ചില സംശയങ്ങളുണ്ടായിരുന്നു. അതുകൊണ്ട് കുഞ്ഞുങ്ങൾ അമർദീപിന്റെ കാഴ്ചയിൽ പെടാതിരിക്കാൻ അവർ ശ്രദ്ധിച്ചു. മരിച്ച ഖുശ്ബുവിന്റെ അമ്മ പോലും തന്റെ മകളെ അവനിൽനിന്നും സംരക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട, പക്ഷെ വിധി അവനായിരുന്നു അനുകൂലം.

കോടതിമുറിയിൽ ജഡ്ജിയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് നിന്ന ആ എട്ടു വയസ്സുകാരനെ ജുവനൈൽ ഹോമിൽ മറ്റു കുട്ടികളിൽ നിന്നും അകറ്റിയാണ് പൂട്ടിയിട്ടിരിക്കുന്നത്. ഈ ലോകം മുഴുവൻ സംസാരവിഷയമായെങ്കിലും പിന്നീടവനെക്കുറിച്ച് അധികം വാർത്തകൾ ആരും കേട്ടിട്ടില്ല.

Back to top button